ന്യൂയോർക്: ഇക്കൊല്ലത്തെ യു.എസ് ഓപൺ ടെന്നിസിലെ ഏറ്റവും വലിയ അട്ടിമറിയിൽ സാക്ഷാൽ റാഫേൽ നദാൽ വീണു. പുരുഷ സിംഗ്ൾസിൽ അമേരിക്കയുടെ യുവതാരം ഫ്രാൻസസ് ടിയാഫോയാണ് 22 തവണ ഗ്രാൻഡ്സ്ലാം കിരീടത്തിൽ മുത്തമിട്ട സ്പാനിഷ് സൂപ്പർ താരത്തെ ക്വാർട്ടർ ഫൈനലിലേക്കുള്ള വഴിയിൽ നാലാം റൗണ്ടിൽ മടക്കിയത്. സ്കോർ: 6-4, 4-6, 6-4, 6-3. ഗ്രാൻഡ്സ്ലാമിൽ തുടർച്ചയായ 22 മത്സരങ്ങളിലെ നദാലിന്റെ അപരാജിത യാത്രക്കും ടിയാഫോ അന്ത്യംകുറിച്ചു.
ഇക്കൊല്ലം ജനുവരിയിൽ ആസ്ട്രേലിയൻ ഓപണും ജൂണിൽ ഫ്രഞ്ച് ഓപണും സ്വന്തമാക്കിയ നദാൽ, ജൂലൈയിൽ വിംബ്ൾഡൻ സെമിഫൈനലിനിടെ പരിക്കേറ്റ് പിന്മാറുകയായിരുന്നു. നിലവിലെ ചാമ്പ്യൻ റഷ്യയുടെ ഡാനീൽ മെദ് വദേവ് ക്വാർട്ടറിലെത്താതെ പുറത്തായതിനു പിന്നാലെയാണ് നാലു തവണ ജേതാവായ നദാലിന്റെയും മടക്കം. റഷ്യയുടെ ആന്ദ്രെ റബ് ലോവാണ് ടിയാഫോയുടെ അടുത്ത എതിരാളി. ബ്രിട്ടീഷ് താരം കാമെറോൺ നോരീയെ 6-4, 6-4, 6-4 സ്കോറിൽ തോൽപിച്ചാണ് റബ് ലോവ് ക്വാർട്ടറിലേക്കു കടന്നത്.
ഇറ്റലിയുടെ ജാനിക് സിന്നർ ബെലറൂസിന്റെ ഇലിയ ഇവാഷ്കയെ 6-1, 5-7, 6-2, 4-6, 6-3 തോൽപ്പിച്ചും പുരുഷ സിംഗ്ൾസ് ക്വാർട്ടറിൽ പ്രവേശിച്ചു. ക്രൊയേഷ്യയുടെ മാരിൻ സിലിക്കിനെ 6-4 3-6 6-4 4-6 6-3 സ്കോറിൽ തോൽപ്പിച്ചെത്തിയ സ്പാനിഷ് താരം കാർലോസ് അൽകാരസാണ് സിന്നറെ കാത്തിരിക്കുന്നത്. വനിത സിംഗ്ൾസിൽ ലോക ഒന്നാം നമ്പർ പോളണ്ടിന്റെ ഇഗാ സ്വൈറ്റക് ആദ്യ സെറ്റിൽ മുട്ടുമടക്കിയശേഷം തിരിച്ചുവന്ന് അവസാന എട്ടിൽ ഇടംപിടിച്ചു. 2-6, 6-4, 6-0 സ്കോറിന് ജർമനിയുടെ ജൂലീ നീമിയറിനെയാണ് പരാജയപ്പെടുത്തിയത്.
ഫ്രഞ്ച് ഓപൺ ജേത്രിയായ ഇഗ, യു.എസ് ഓപൺ ക്വാർട്ടറിലെത്തുന്ന ആദ്യ പോളണ്ടുകാരിയുമായി. സെമിഫൈനലിലേക്കുള്ള വഴിയിൽ അമേരിക്കയുടെ ജെസ്സിക പെഗുലയെ നേരിടും. ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ 6-3, 6-2 സ്കോറിൽ നാലാം റൗണ്ടിൽ അനായാസം മറികടക്കുകയായിരുന്നു പെഗുല.
ചെക് താരം കരോലിന പ്ലിസ്കോവ 7-5, 6-7 (5/7), 6-2ന് ബെലറൂസിന്റെ വിക്ടോറിയ അസരെങ്കയെ വീഴ്ത്തിയും ക്വാർട്ടറിലെത്തി. ബെലറൂസിന്റെതന്നെ അരീന സബാലെങ്കയാണ് അടുത്ത പ്രതിയോഗി. ആതിഥേയ താരം ഡാനിയേലെ കോളിൻസിനെ വീഴ്ത്തിയാണ് സബാലെങ്ക ഒരിക്കൽകൂടി ക്വാർട്ടർ ബെർത്ത് നേടിയത്. സ്കോർ: 3-6, 6-3, 6-2.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.