മെൽബൺ: റാഫേൽ നദാലിനും 21ാമത് ഗ്രാൻഡ്സ്ലാം കിരീടമെന്ന റെക്കോഡിനുമിടയിൽ ഇനി രണ്ടു മത്സരത്തിന്റെ ദൂരം മാത്രം. അഞ്ചു സെറ്റ് നീണ്ട ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജയിച്ച് ആറാം സീഡായ സ്പാനിഷ് താരം ആസ്ട്രേലിയൻ ഓപണിന്റെ സെമിഫൈനലിലേക്ക് മുന്നേറി. 14ാം സീഡായ കാനഡയുടെ ഡെന്നിസ് ഷാപൊലൊവിനെ 6-3, 6-4, 4-6, 3-6, 6-3ന് തോൽപിച്ചാണ് നദാൽ അവസാന നാലിലെത്തിയത്.
അഞ്ചു സെറ്റ് മത്സരം ജയിച്ചെത്തുന്ന ഏഴാം സീഡ് ഇറ്റലിയുടെ മാറ്റിയോ ബെരറ്റീനിയാണ് സെമിയിൽ നദാലിന്റെ എതിരാളി. 17ാം സീഡ് ഫ്രാൻസിന്റെ ഗെയ്ൽ മോൺഫിൽസിനെയാണ് ബെരറ്റീനി മറികടന്നത്. സ്കോർ: 6-4, 6-4, 3-6, 3-6, 6-2. നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ്-11ാം സീഡ് യാനിക് സിന്നർ, രണ്ടാം സീഡ് ഡാനിൽ മെദ്വദേവ്-ഒമ്പതാം സീഡ് ഫെലിക്സ് ഓഗർ അലിയാസിമെ എന്നിവയാണ് മറ്റു ക്വാർട്ടർ മത്സരങ്ങൾ.
വനിതകളിൽ ടോപ് സീഡ് ആസ്ട്രേലിയയുടെ ആഷ് ലി ബാർതി സെമിയിലേക്ക് മുന്നേറിയപ്പോൾ നാലാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവ പുറത്തായി. ബാർതി 6-2, 6-0ത്തിന് യു.എസിന്റെ സീഡ് ചെയ്യപ്പെടാത്ത ജെസീക പെഗുലയെ തകർത്തപ്പോൾ യു.എസിന്റെ മറ്റൊരു സീഡില്ലാ താരം മാഡിസൺ കീ ആണ് 6-3, 6-2ന് ക്രെജിക്കോവയെ വീഴ്ത്തിയത്. ഏഴാം സീഡ് ഇഗ സ്വൈറ്റക്-കിയ കനേപി, 27ാം സീഡ് ഡാനിയേല കോളിൻസ്-അലിസെ കോർണറ്റ് എന്നിവയാണ് മറ്റു ക്വാർട്ടർ കളികൾ.
മെൽബൺ: ഈ സീസണോടെ കോർട്ടിനോട് വിടപറയുന്ന ഇന്ത്യയുടെ സൂപ്പർ താരം സാനിയ മിർസയുടെ ആസ്ട്രേലിയൻ ഓപണിലെ കുതിപ്പിന് വിരാമം. വനിത ഡബിൾസിൽ ആദ്യ റൗണ്ടിൽ പുറത്തായ സാനിയ മിക്സഡ് ഡബിൾസിൽ ക്വാർട്ടർ ഫൈനലിലാണ് അടിയറവുപറഞ്ഞത്. സാനിയയും യു.എസിന്റെ ഇന്ത്യൻ വംശജൻ രാജീവ് റാമും അടങ്ങുന്ന സഖ്യം 6-4, 7-6ന് ആസ്ട്രേലിയയുടെ ജയ് മി ഫോർലിസ്-ജേസൺ കുബ് ലർ ജോടിയോടാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.