നോർവേക്കാരനായ കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ഫ്രഞ്ച് ഓപൺ പുരുഷ സിംഗ്ൾസ് കിരീടം നേടിയ നൊവാക് ദ്യോകോവിച് ഗ്രാൻഡ്സ്ലാം നേട്ടത്തിൽ ലോക റെക്കോഡ് കുറിച്ചിരിക്കുകയാണ്. 23 കിരീടങ്ങളുമായി ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടുന്ന താരമായി അദ്ദേഹം മാറി. ഇക്കാര്യത്തിൽ സ്പാനിഷ് താരം റാഫേൽ നദാലിനെയാണ് ദ്യോകോ പിന്തള്ളിയത്. ഈ വർഷം തുടക്കത്തിൽ ആസ്ട്രേലിയൻ ഓപൺ നേടിക്കൊണ്ടായിരുന്നു ദ്യോകോവിച് സ്പാനിഷ് താരത്തിന്റെ 22 ഗ്രാൻഡ്സ്ലാം എന്ന റെക്കോർഡിനൊപ്പമെത്തിയത്.
പരിക്ക് മൂലം ഫ്രഞ്ച് ഓപണിൽ നിന്ന് പിന്മാറിയ നദാൽ മത്സരത്തിന് ശേഷം ട്വിറ്ററിലൂടെ ദ്യോകോവിച്ചിനെ വാനോളം പുകഴ്ത്തി രംഗത്തുവന്നിരിക്കുകയാണ്. "ഈ അത്ഭുതകരമായ നേട്ടത്തിൽ" അദ്ദേഹം ദ്യോകോവിച്ചിനെ അഭിനന്ദിച്ചു.
ഈ അത്ഭുതകരമായ നേട്ടത്തിന് ഏറെ അഭിനന്ദനങ്ങൾ ദ്യോകോവിച്ച്. 23 എന്നത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചിന്തിക്കാൻ കഴിയാത്ത ഒരു സംഖ്യയാണ്, നിങ്ങൾ അത് നേടിയെടുത്തു! നിങ്ങളുടെ കുടുംബത്തിനും ടീമിനുമൊപ്പം അത് ആസ്വദിക്കൂ! -നദാൽ കുറിച്ചു.
ഇത് മൂന്നാം തവണയാണ് ദ്യോകോവിച്ച് ഫ്രഞ്ച് ഓപൺ നേടുന്നത്. 2016ലും 2021ലുമാണ് ഇതിന് മുമ്പ് നേടിയത്. 10 ഓസ്‌ട്രേലിയൻ ഓപൺ കിരീടങ്ങളും ഏഴ് വിംബിൾഡണും മൂന്ന് യുഎസ് ഓപണും സെർബിയൻ താരത്തിന്റെ പേരിലുണ്ട്. നാല് പ്രധാന ടൈറ്റിലുകളും മൂന്ന് തവണയെങ്കിലും വിജയിക്കുന്ന ആദ്യ വ്യക്തിയാണ് ജോക്കോവിച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.