ലണ്ടൻ: ടോക്യോ ഒളിംപിക്സിന്റെ മാറ്റുകുറക്കുന്ന മറ്റൊരു തീരുമാനം കൂടി. ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ഒളിംപിക്സിൽ നിന്നും പിന്മാറി. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് പിന്മാറ്റമെന്ന് ഫെഡറർ പറഞ്ഞു.
''പുൽമൈതാനിയിലെ സീസണിൽ എന്‍റെ കാൽമുട്ടിന് അപ്രതീക്ഷിതമായി പരിക്കേറ്റു. ആയതിനാൽ ഒളിംപിക്സിൽ നിന്നും പിന്മാറേണ്ടി വരുന്നെന്ന യാഥാർഥ്യത്തെ ഞാൻ ഉൾകൊള്ളുന്നു. വലിയ നിരാശയുണ്ട്. സ്വിറ്റ്സർലൻഡിനെ ഇത്രയും കാലം പ്രതിനിധീകരിച്ചതിൽ അഭിമാനമുണ്ട്. ഈ വേനൽകാലത്ത് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ഞാൻ. സ്വിസ് ടീമിലെ എല്ലാവർക്കും ഞാൻ അഭിവാദ്യം അർപ്പിക്കുന്നു'' -റോജർ ഫെഡറർ ഫേസ്ബുക്കിൽ കുറിച്ചു.
21ാം ഗ്രാൻഡ്സ്ലാം കിരീടം തേടിയെത്തിയ ഫെഡററിന് വിംബിൾഡണിൽ ഞെട്ടിപ്പിക്കുന്ന തോൽവി പിണഞ്ഞിരുന്നു. 14ാം സീഡുകാരനായ ഹ്യൂബർട്ട് ഹുർക്കാസ് ആണ് ഫെഡററെ ക്വാർട്ടറിൽ അട്ടിമറിച്ചത്. സ്കോർ: 3-6, 6-7 (4), 0-6. രണ്ട് മണിക്കൂറിനുള്ളിലാണ് പോളണ്ടുകാരനായ ഹ്യൂബർട്ട് മുൻ ഒന്നാം നമ്പറുകാരനെ പരാജയപ്പെടുത്തിയത്. 40ാം വയസ്സിലേക്ക് കടക്കുന്ന ഫെഡറർ 24കാരനായ ഹുർക്കാസിന്‍റെ പോരാട്ടവീര്യത്തിന് മുമ്പിൽ ദയനീയമായി കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.