ന്യൂഡൽഹി: പ്രഫഷനൽ ടെന്നിസ് കരിയറിന് ഈ സീസണോടെ വിരാമം കുറിക്കുമെന്ന സാനിയ മിർസയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വനിത ഡബിൾസിലെ മുൻ ലോക ഒന്നാം നമ്പർ താരവും ആറ് ഗ്രാൻഡ്സ്ലാം കിരീടജേതാവുമായ സാനിയയുടെ തീരുമാനത്തിന് പിന്നിലെ കാരണം എന്തെന്നെറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ടായിരുന്നു. ഇപ്പോൾ വിരമിക്കലിന് പിന്നിലെ കാരണങ്ങൾ ഒരു ദേശീയ മാധ്യമത്തോട് തുറന്ന് പറയുകയാണ് സാനിയ.
'എനിക്ക് ധാരാളം സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ടെന്നീസ് എല്ലായ്പ്പോഴും ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമായിരിക്കും. നല്ല ഓർമകൾക്കും നേട്ടങ്ങൾക്കും ഞാൻ നന്ദിയുള്ളവളാണ്. വർഷാവസാനം കരിയർ പൂർത്തിയാക്കാൻ ഞാൻ പദ്ധതിയിടുന്നു'-സാനിയ പറഞ്ഞു.
'കുറച്ചു നാളായി അത് മനസ്സിൽ ഉണ്ടായിരുന്നു, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഞെട്ടിപ്പോയി. എനിക്ക് 35 വയസായി നിങ്ങൾ എപ്പോഴെങ്കിലും ഇത് പ്രതീക്ഷിച്ചിരിക്കും എന്ന് ഞാൻ കരുതി. ആസ്‌ട്രേലിയ എപ്പോഴും എനിക്ക് വളരെ സ്‍പെഷ്യലാണ്. വൈൽഡ് കാർഡ് എൻട്രിയുമായി വന്ന് മൂന്നാം റൗണ്ടിൽ സെറീന വില്യംസിനെ നേരിട്ട് ടെന്നിസിൽ ഞാൻ ശ്രദ്ധിക്കപ്പെട്ടത് ഇവിടെയാണ്. അവിടെ അത് സംഭവിച്ചത് യാദൃശ്ചികം മാത്രമാണ്. എല്ലാം ആരംഭിച്ചിടത്ത് തന്നെ കാര്യങ്ങൾ അവസാനിച്ചു എന്നത് വളരെ സന്തോഷകരമാണ്. അത് ഒട്ടും ആസൂത്രണം ചെയ്തതായിരുന്നില്ല'-സാനിയ കൂട്ടിച്ചേർത്തു.
ഇക്കാലത്ത് തന്റെ ശരീരം സുഖപ്പെടാൻ വളരെയധികം സമയമെടുക്കുന്നുണ്ടെന്നും വിരമിക്കൽ തീരുമാനത്തിൽ ഇത് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ടെന്നീസ് താരം പറഞ്ഞു. താൻ അമ്മയായതിന് ശേഷം തന്റെ ജീവിതത്തിലെ മുൻഗണനകൾ എങ്ങനെ മാറിയെന്നും വിരമിക്കൽ തീരുമാനത്തിൽ കോവിഡ് മഹാമാരി എങ്ങനെ ഇടപെട്ടുവെന്നും അവർ സൂചിപ്പിക്കുന്നു.
'എന്റെ ശരീരം സുഖപ്പെടാൻ കൂടുതൽ സമയമെടുക്കുന്നു. വലിയ മൂന്ന് ശസ്ത്രക്രിയകൾക്ക് ഞാൻ വിധേയയായിട്ടുണ്ട്. രണ്ട് കാൽമുട്ടുകളും ഒരു കൈത്തണ്ടയും. ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ശരീരം പ്രതികരിക്കുന്നില്ല. ഒരുപക്ഷെ ഞാൻ എന്റെ ശരീരത്തിൽ നിന്ന് വളരെയധികം പ്രതീക്ഷിക്കുന്നുണ്ടാകാം. എനിക്ക് ഒരു കുഞ്ഞ് ഉണ്ടായി എന്നതും എന്റെ ശരീരം ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോയി എന്നതും വാസ്തവമാണ്'-സാനിയ പറഞ്ഞു.
'കുഞ്ഞ് ഉണ്ടായ ശേഷവും സ്വപ്നങ്ങൾ പിന്തുടരാൻ യുവതികളായ അമ്മമാരെ പ്രചോദിപ്പിക്കാമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിച്ചു. ഞാൻ ചെയ്യുന്നതുപോലെ കായിക രംഗത്താണെങ്കിൽ പോലും. വർഷത്തിൽ ഇത്രയധികം ആഴ്ച വാക്സിനേഷൻ എടുക്കാത്ത പിഞ്ചുകുഞ്ഞിന്റെ കൂടെ യാത്ര ചെയ്യാനും അവനെ അപകടത്തിലാക്കാനും എളുപ്പമല്ല എന്നതിനാൽ കോവിഡും മറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. ഇതിനൊരു പരിഹാരം കണ്ടെത്തുകയും എന്റെ ശരീരം സുഖം പ്രാപിക്കുകയും ചെയ്താൽ എന്റെ തീരുമാനം മാറ്റാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു'-സാനിയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.