പ്രഫഷനൽ ടെന്നിസിലെ അവസാന മത്സരത്തിൽ റാക്കറ്റേന്തി കളമൊഴിഞ്ഞ് ഇതിഹാസ താരം സാനിയ മിർസ. ദുബൈ ഡ്യൂട്ടിഫ്രീ ചാമ്പ്യൻഷിപ്പ് ഒന്നാം റൗണ്ടിൽ യു.എസ് താരം മാഡിസൺ കീസിനൊപ്പം ഇറങ്ങിയ താരം റഷ്യൻ ജോഡികളായ വെറോണിക കുദർമെറ്റോവ, സാംസനോവ എന്നിവക്ക് മുന്നിൽ അടിയറവു പറഞ്ഞതോടെയാണ് രണ്ടുപതിറ്റാണ്ട് നീണ്ട കരിയറിന് വിരാമമായത്. സിംഗിൾസിൽ 11ാമതും ഡബ്സിൽ അഞ്ചാമതും നിൽക്കുന്ന താരമാണ് വെറോണിക. ആസ്ട്രേലിയൻ ഓപണിൽ നാട്ടുകാരനായ രോഹൺ ബൊപ്പണ്ണക്കൊപ്പം റണ്ണർ അപ്പായി ഗ്രാൻഡ്സ്ലാം പോരാട്ടങ്ങൾ അവസാനിപ്പിച്ചിരുന്നു. ദുബൈയിലെ മത്സരം അവസാനത്തേതാകുമെന്ന് അന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഇവിടെയും കിരീടമുയർത്തി കളി നിർത്താമെന്ന മോഹമാണ് ആദ്യ മത്സരത്തിൽ തന്നെ അവസാനമായത്. ഭർത്താവായ പാക് ക്രിക്കറ്റർ ഷുഐബ് മാലികുമൊത്ത് ദുബൈയിൽ സ്ഥിര താമസക്കാനാണ് തീരുമാനം.
ഇന്ത്യയിൽനിന്ന് വനിത ടെന്നിസിൽ സമാനതകളില്ലാത്ത ഉയരങ്ങൾ താണ്ടിയാണ് സാനിയ കളി നിർത്തുന്നത്. കരിയറിൽ 43 ഡബ്ല്യൂ.ടി.എ കിരീടങ്ങളും ഒരു സിംഗിൾസ് ട്രോഫിയും നേടി. 2003ൽ ആദ്യമായി പ്രഫഷനൽ ടെന്നിസിൽ ഇറങ്ങിയ താരം മാർടിന ഹിംഗിസിനൊപ്പം മൂന്നു തവണ ഗ്രാൻഡ്സ്ലാം കിരീടം ചൂടിയിട്ടുണ്ട്. മറ്റുള്ളവർക്കൊപ്പം മൂന്നെണ്ണം കൂടി നേടി. മിക്സഡ് ഡബ്ൾസിൽ മഹേഷ് ഭൂപതിക്കൊപ്പം 2009 ആസ്ട്രേലിയൻ ഓപൺ, 2012 ഫ്രഞ്ച് ഓപൺ കിരീടങ്ങൾ നേടി. റിയോ ഒളിമ്പിക്സിൽ മെഡൽ നേട്ടത്തിനരികെയെത്തിയതാണ് മറ്റൊരു നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.