‘സ്വപ്നങ്ങളിലേക്കുള്ള പോരാട്ടം ആറിൽ തുടങ്ങുന്നു!’; വികാരനിർഭര കുറിപ്പുമായി ടെന്നീസ് താരം സാനിയ മിർസ

ഈ വർഷം ഫെബ്രുവരിയിൽ നടക്കുന്ന ദുബൈ ഓപ്പണോടെ ടെന്നീസ് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടെന്നീസ് ഗ്രേറ്റ് സാനിയ മിർസ. ആസ്ട്രേലിയൻ ഓപ്പൺ തന്‍റെ അവസാന ഗ്രാൻഡ് സ്ലാം ടൂർണമെന്‍റാകുമെന്നും താരം വെളിപ്പെടുത്തിയിരുന്നു.

രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരങ്ങളിൽ ഒരാളായ സാനിയ 2022 അവസാനത്തോടെ കരിയർ അവസാനിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യു.എസ് ഓപ്പണിന് മുന്നോടിയായി പരിക്കേറ്റതോടെ താരം വിരമിക്കൽ പദ്ധതിയിലും മാറ്റം വരുത്തുകയായിരുന്നു. 36കാരിയായ താരം കസാഖിസ്ഥാന്‍റെ അന്ന ഡാനിലിനക്കൊപ്പമാണ് ആസ്ട്രേലിയൻ ഓപ്പൺ ഡബ്ൾസിൽ കളിക്കുക.

ഇന്ത്യയുടെ രോഹൻ ബൊപ്പണക്കൊപ്പം മിക്സഡ് ഡബ്ൾസിലും കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അവസാന ഗ്രാൻഡ് സ്ലാമിന് തയാറെടുക്കുന്ന താരം ട്വിറ്ററിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ആറാം വയസ്സിൽ തുടങ്ങിയ പോരാട്ടം അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ തന്‍റെ കണ്ണുകൾ നിറയുകയാണെന്ന് സാനിയ കുറിപ്പിൽ പറയുന്നു. ആസ്ട്രേലിയൻ ഓപ്പണിൽ മിക്സഡ് ഡബ്ൾസിൽ മഹേഷ് ഭൂപതിക്കൊപ്പമാണ് സാനിയ കരിയറിലെ ആദ്യ ഗ്രാൻസ് സ്ലാം കിരീടം നേടുന്നത്. കരിയറിൽ ഇതുവരെ ആറു കിരീടങ്ങളാണ് താരം നേടിയത്. 2016ൽ മെൽബൺ പാർക്കിൽ മാർട്ടിന് ഹിംഗിസിനൊപ്പമായിരുന്നു അവസാന ഗ്രാൻസ് സ്ലാം നേട്ടം.

‘മുപ്പത് (അതെ, 30!) വർഷങ്ങൾക്ക് മുമ്പ് ഹൈദരാബാദിലെ നസർ സ്കൂളിൽ പഠിക്കുകയായിരുന്ന ആറു വയസ്സുള്ള ഒരു പെൺകുട്ടി, അവളുടെ മാതാവിനൊപ്പം നിസാം ക്ലബിലെ ടെന്നീസ് കോർട്ടിലേക്ക് കടന്നു ചെന്നു, ടെന്നീസ് കളിക്കാൻ തന്നെയും പഠിപ്പിക്കണമെന്ന് പറഞ്ഞ് പരിശീലകനോട് വഴക്കിട്ടു. അവൾ നന്നെ ചെറുപ്പമാണെന്നായിരുന്നു പരിശീലകന്‍റെ മറുപടി. സ്വപ്നങ്ങളിലേക്കുള്ള പോരാട്ടം അങ്ങനെ ആറാം വയസ്സിൽ തുടങ്ങുകയായിരുന്നു’ -സാനിയ കുറിച്ചു.

‘2005ലെ ആസ്‌ട്രേലിയൻ ഓപ്പണോടെയാണ് എന്റെ ഗ്രാൻഡ് സ്ലാം യാത്ര ആരംഭിച്ചത്. അതുകൊണ്ട്, എന്റെ കരിയർ അവസാനിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഗ്രാൻഡ് സ്ലാം ഇതായിരിക്കുമെന്ന് പറയാതെ വയ്യ. ഞാൻ ആദ്യമായി ഗ്രാൻഡ് സ്ലാം കളിച്ചത് 18 വർഷങ്ങൾക്കു മുമ്പാണ്, അവസാന ഗ്രാൻസ് സ്ലാം ഓപ്പൺ കളിക്കാൻ ഇപ്പോൾ തയാറെടുക്കുകയാണ്, അതിനുശേഷം ഫെബ്രുവരിയിലെ ദുബൈ ഓപ്പണും, അഭിമാനത്തോടെയും നന്ദിയോടെയും എന്നിൽ നിരവധി വികാരങ്ങൾ മിന്നിമറയുന്നു. എന്റെ പ്രഫഷനൽ കരിയറിലെ കഴിഞ്ഞ 20 വർഷത്തിനിടയിൽ നേടിയെടുക്കാൻ കഴിഞ്ഞ എല്ലാ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു, എനിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞ ഓർമകൾക്ക് ഞാൻ വളരെ നന്ദിയുള്ളവളാണ്’ -ഇങ്ങനെ പോകുന്നു കുറിപ്പ്.

Tags:    
News Summary - Sania Mirza pens emotional note ahead of her final Grand Slam tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.