പാരിസ്: മാധ്യമങ്ങളെ കാണാത്തതിന് പിഴ വാങ്ങി നഓമി ഒസാക പിൻവാങ്ങുകയും മറ്റു പ്രമുഖർ പലരും ആദ്യ റൗണ്ടുകളിൽ തോൽവി അറിയുകയും ചെയ്ത ഫ്രഞ്ച് ഓപണിൽ കിരീട സ്വപ്നങ്ങളിലേക്ക് വീണ്ടും എയ്സുതിർത്ത് യു.എസ് താരം സെറീന വില്യംസ്. ഏഴാം സീഡായ അമേരിക്കൻ താരം നാട്ടുകാരിയായ ഡാനിയൽ കോളിൻസിനെ 6-4, 6-4ന് തകർത്തുവിട്ടാണ് നാലാം റൗണ്ടിലേക്ക് കടന്നത്. ആദ്യ 10 സീഡുകാരിൽ ഇനി സെറീന മാത്രമാണ് കിരീട പ്രതീക്ഷയുമായി ബാക്കിയുള്ളത്. മറ്റെല്ലാവരും നേരത്തെ പുറത്താകുകയോ പിൻവാങ്ങുകയോ ചെയ്തവരാണ്. ഇത്തവണ കിരീടം മാറോടുചേർക്കാനായാൽ മാർഗരറ്റ് കോർട്ടിന്‍റെ പേരിലുള്ള 24 ഗ്രാന്‍റ് സ്ലാം നേട്ടങ്ങളെന്ന റെക്കോഡിനൊപ്പം സെറീനയുമെത്തും. പക്ഷേ, 2016ൽ ഫ്രഞ്ച് ഓപണിൽ നാലാം റൗണ്ടിൽ മടങ്ങിയ ശേഷം ഇതുവരെയും റൊളാങ് ഗാരോയിൽ കിരീടത്തിനടുത്തെത്തിയിട്ടില്ലെന്നത് ഭീഷണിയാണ്.
2001നു ശേഷം ആദ്യമായാണ് വനിതകളിൽ ആദ്യ 10 സീഡുകാരിൽ ഒരാളൊഴികെ എല്ലാവരും നേരത്തെ ചിത്രത്തിന് പുറത്താകുന്നത്. സംഘാടകരുടെ കർക്കശ നിലപാടിൽ ഒസാക മടങ്ങേണ്ടിവന്നുവെങ്കിൽ ആഷ്ലി ബാർതി, സിമോണ ഹാലെപ് എന്നിവർ പരിക്കുമൂലം കളി തുടങ്ങും മുമ്പ് പിൻമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. കരോലൈന പ്ലിസ്കോവ, ബിയാൻക ആൻഡ്രീസ്കു, ബെലിൻഡ ബെൻസിച് എന്നിവർ തോറ്റുമടങ്ങിയപ്പോൾ 11ാം സീഡ് പെട്ര ക്വിറ്റോവ പരിക്കേറ്റ് വിരമിച്ചു. ഇത്തവണ സെറീന കൂടി നേരത്തെ മടങ്ങിയാൽ ഇളമുറക്കാരുടെ അങ്കമായി തുടർ മത്സരങ്ങൾ മാറും. കടുത്ത പോരാട്ടങ്ങൾ ബാക്കിയുള്ള സെറീനക്ക് തുടർന്നുള്ള ഓരോ മത്സരവും ചൂടേറിയതാകും. അഞ്ചു തവണ ഫ്രഞ്ച് ഓപണിൽ വിജയക്കൊടി പാറിച്ച താരമാണ് സെറീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.