ന്യൂയോർക്: 1999ൽ യു.എസ് ഓപൺ ജേത്രിയായി ആദ്യ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കുമ്പോൾ 17 വയസ്സായിരുന്നു സെറീന വില്യംസിന്. അന്ന് തലയിൽ വെളുത്ത മുത്തുകൾ ധരിച്ചിരുന്നു കൗമാരക്കാരി. 23 വർഷങ്ങൾക്കിപ്പുറം 40ലെത്തിയ സെറീന, വിടവാങ്ങൽ ടൂർണമെന്റിലെ ആദ്യ മത്സരം ജയിച്ച് രണ്ടാം റൗണ്ടിലേക്കു കടക്കുമ്പോൾ കാണികൾക്കിടയിലിരുന്ന് കൈയടിക്കുന്നുണ്ടായിരുന്നു അഞ്ചു വയസ്സുകാരി മകൾ ഒളിമ്പിയ. അമ്മയെപ്പോലെ തലമുടിയിൽ വെളുത്ത മുത്തുകൾ കോർത്ത് അച്ഛൻ അലക്സിസ് ഒഹാനിയനൊപ്പം ഒളിമ്പിയ ഇരുന്നു. 'ഒന്നുകിൽ ഇവളോ അല്ലെങ്കിൽ ഞാനോ മുത്തുകൾ ധരിക്കാനിരുന്നതായിരുന്നു' -മോണ്ടിനെഗ്രൻ താരം ഡാങ്ക കൊവിനിക്കിനെ തോൽപിച്ച് കുടുംബത്തിനരികിലെത്തിയ സെറീന പറഞ്ഞു. താൻ ധരിക്കാനിരുന്നതായിരുന്നു. പക്ഷേ, സമയം കിട്ടിയില്ല. അവളുടെ ഇഷ്ടത്തിന് ഇട്ടതാണ്. നന്നായി ചേരുന്നുണ്ടെന്നും സെറീന തുടർന്നു. 2017ൽ ഓസ്ട്രേലിയൻ ഓപൺ ജയിച്ച് 23ാം ഗ്രാൻഡ്സ്ലാം നേടുമ്പോൾ ഗർഭിണിയായിരുന്നു താരം. കഴിഞ്ഞ ദിവസം യു.എസ് ഓപണിലെ ഒന്നാം റൗണ്ട് മത്സരത്തിനുശേഷം സെറീനയുടെ ഐതിഹാസിക ജീവിതം വരച്ചുകാട്ടുന്ന വിഡിയോ കോർട്ടിൽ പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.