വിംബിൾഡൺ: 21ാം ഗ്രാൻഡ്സ്ലാം കിരീടം തേടിയെത്തിയ റോജർ ഫെഡററിന് വിംബിൾഡണിൽ ഞെട്ടിപ്പിക്കുന്ന തോൽവി. 14ാം സീഡുകാരനായ ഹ്യൂബർട്ട് ഹുർക്കാസ് ആണ് ഫെഡററെ ക്വാർട്ടറിൽ അട്ടിമറിച്ചത്. സ്കോർ: 3-6, 6-7 (4), 0-6. രണ്ട് മണിക്കൂറിനുള്ളിലാണ് പോളണ്ടുകാരനായ ഹ്യൂബർട്ട് മുൻ ഒന്നാം നമ്പറുകാരനെ പരാജയപ്പെടുത്തിയത്. 40ാം വയസ്സിലേക്ക് കടക്കുന്ന ഫെഡറർ 24കാരനായ ഹുർക്കാസിന്‍റെ പോരാട്ടവീര്യത്തിന് മുമ്പിൽ ദയനീയമായി കീഴടങ്ങുകയായിരുന്നു.
വിംബിൾഡണിൽ എട്ട് തവണ ചാമ്പ്യനാണ് ഫെഡറർ. എന്നാൽ, ക്വാർട്ടറിൽ അദ്ദേഹത്തിന്‍റെ നിഴൽ മാത്രമാണ് കാണാനായത്. പരിക്കിനെ തുടർന്ന് ഏറെകാലം മത്സരങ്ങളിൽനിന്ന് വിട്ടുനിന്ന സ്വിസ് താരം കഴിഞ്ഞമാസം നടന്ന ഫ്രഞ്ച് ഓപണിലൂടെയാണ് തിരിച്ചുവന്നത്. എന്നാൽ, ടൂർണമെന്‍റിൽ പകുതിക്ക് വെച്ച് പിൻമാറിയിരുന്നു.
വിംബിൾഡണിൽ കൂടുതൽ കരുത്തോടെ കോർട്ടിലെത്താനായിരുന്നു ഈ നീക്കമെന്ന് അന്ന് റിപ്പോർട്ടുണ്ടായിരുന്നു. ആ സ്വപ്നമാണ് ഇപ്പോൾ അസ്തമിച്ചത്. മത്സരത്തിലുടനീളം നിരവധി ഫൗളുകളാണ് ഫെഡറർ വരുത്തിയത്. 31 തവണ ഫോർസ്ഡ് എററുകൾ സംഭവിച്ചു. രണ്ടാം സർവിന്‍റെ ഭൂരിഭാഗവും ലക്ഷ്യത്തിലെത്തിക്കാനായില്ല. മത്സരശേഷം ഏറെ നിരാശയോടെയാണ് അദ്ദേഹം കോർട്ട് വിട്ടുപോയത്.
തന്‍റെ പ്രിയപ്പെട്ട ഗ്രാൻഡ് സ്ലാമിൽ ഇനി ഫെഡററെ കാണാനകുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. വിംബിൾഡണിൽ നാലാം റൗണ്ടിൽ ഏറ്റവും കൂടുതൽ തവണ കളിക്കുന്ന താരമെന്ന റെക്കോർഡ് ഫെഡറർ കഴിഞ്ഞദിവസം സ്വന്തമാക്കിയിരിന്നു. 18 തവണയാണ് ഇദ്ദേഹം റാക്കറ്റേന്തിയത്.
2017ലാണ് ഫെഡറർ അവസാനമായി വിംബിൾഡൺ കിരീടം നേടുന്നത്. എട്ട് തവണ വിംബിൾഡൺ കരസ്ഥമാക്കിയെന്ന റെക്കോർഡും ഫെഡറർക്ക് തന്നെ. കരിയറിൽ 20 ഗ്രാൻഡ്സ്ലാം എന്ന അതുല്യ റെക്കോഡ് പങ്കിടുകയാണ് ഫെഡററും സ്പെയിനുകാരനായ റാഫേൽ നദാലും. 18 കിരീടവുമായി 34കാരനായ നവാക് ജോക്കോവിച്ച് ഇവരുടെ തൊട്ടുപിറകിലുണ്ട്. പുൽകോർട്ടിലെ 100ാം വിജയത്തോടെ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ച് കരിയറിലെ 10ാം വിംബിൾഡൺ സെമിഫൈനൽ യോഗ്യതയുറപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.