35 വർഷത്തിനിടെ ആദ്യം; ആസ്ട്രേലിയൻ ഓപ്പണിൽ ചരിത്ര വിജയംനേടി ഇന്ത്യയുടെ സുമിത് നാഗൽ

മെല്‍ബണ്‍: 35 വർഷത്തിനിടെ ടെന്നിസ് ഗ്രാൻഡ് സ്ലാമിൽ ഒരു സീഡ് താരത്തെ പരാജയപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ താരമായി സുമിത് നാഗൽ. ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ പുരുഷ വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ കസാഖിസ്താന്റെ ലോക 27ാം നമ്പര്‍ താരം അലക്‌സാണ്ടര്‍ ബബ്ലികിനെ അട്ടിമറിച്ചാണ് സുമിത് ചരിത്ര നേട്ടം സ്വന്തമാക്കിയത്. താരം രണ്ടാം റൗണ്ടിൽ കടന്നു.

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്‍റെ വിജയം. രണ്ട് മണിക്കൂറും 38 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 6-4, 6-2, 7-6 സ്‌കോറിനാണ് ലോക റാങ്കിങ്ങില്‍ 139ാം സ്ഥാനത്തുള്ള സുമിത്, 31ാം സീഡുകാരനായ അലക്സാണ്ടറെ പരാജയപ്പെടുത്തിയത്. 1989 ആസ്‌ട്രേലിയന്‍ ഓപ്പണില്‍ അന്നത്തെ ലോക ഒന്നാം നമ്പറും ചാമ്പ്യനുമായ മാറ്റ്‌സ് വിലാന്‍ഡറിനെതിരേ രമേശ് കൃഷ്ണ നേടി വിജയമാണ് ഇതിനു മുമ്പ് ഒരിന്ത്യൻ താരം ഗ്രാൻഡ് സ്ലാമിൽ നേടിയ ഏറ്റവും വലിയ വിജയം.

കരിയറിൽ രണ്ടാം തവണയാണ് സുമിത് ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടിൽ കടക്കുന്നത്. 2020 യു.എസ് ഓപ്പണിൽ അന്നത്തെ രണ്ടാം സീഡ് ഡൊമിനിക് തീമിനെ തോൽപിച്ചാണ് താരം രണ്ടാം റൗണ്ടിലേക്ക് കടന്നത്. 27ാം റാങ്കുകാരനെതിരെ ഒട്ടും പതറാതെയാണ് സുമിത് മത്സരിച്ചത്. ആദ്യ രണ്ട് സെറ്റുകളിലും ഇന്ത്യൻ താരത്തിന്‍റെ മേധാവിത്വമായിരുന്നു.

മൂന്നാം സെറ്റില്‍ ബബ്ലിക് ശക്തമായി തിരിച്ചുവന്നെങ്കിലും ഒടുവിൽ 26കാരനായ സുമിത്തിനു മുന്നിൽ കീഴടങ്ങി. ആസ്‌ട്രേലിയന്‍ ഓപ്പണില്‍ സുമിത് ഇതാദ്യമായാണ് രണ്ടാം റൗണ്ടില്‍ പ്രവേശിക്കുന്നത്. 2021ല്‍ ലിത്വാനിയയുടെ റിക്കാര്‍ഡസ് ബെറാങ്കിസിനോട് ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു. ആസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് സുമിത്. റാങ്കിങ്ങില്‍ ആദ്യ 50 സ്ഥാനങ്ങളിലുള്ള ഒരാളോട് സുമിത് വിജയിക്കുന്നതും ഇതാദ്യമായാണ്.

Tags:    
News Summary - Sumit Nagal creates history at Australian Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.