മോസ്കോ: സ്വവർഗാനുരാഗിയാണെന്ന വെളിപ്പെടുത്തലുമായി ലോക 12-ാം നമ്പർ ടെന്നിസ് താരം ദാരിയ കസാറ്റ്കിന. റഷ്യയുടെ ഒന്നാം നമ്പർ വനിതാ ടെന്നിസ് താരം കൂടിയായ ദാരിയ ചൊവ്വാഴ്ച േവ്ലാഗർ വിത്‍യ ക്രാവ്ചചെങ്കോക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
റഷ്യൻ വനിതാ ഒളിമ്പിക് ഫിഗർ സ്കേറ്റർ നതാലിയ സബിയാകോയും താനും ഏറെ നാളായി സൗഹൃദത്തിലാണെന്നും ദാരിയ പറഞ്ഞു. പിന്നീട് നതാലിയയുമൊത്തുള്ള ഫോട്ടോ കസാറ്റ്കിന ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തു. വാർത്തക്കുപിന്നാലെ ടെന്നിസ് ലോകത്തുനിന്ന് പല പ്രമുഖരും കസാറ്റ്കിനക്ക് പിന്തുണയുമായി രംഗത്തെത്തി.
സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുകയാണ് ഏറ്റവും പ്രധാനമെന്നും മറ്റെല്ലാം അവഗണിക്കുകയാണെന്നും 25കാരിയായ കസാറ്റ്കിന പറഞ്ഞു. സ്വവർഗാനുരാഗികളുമായി ബന്ധപ്പെട്ട വിഷയത്തിൽ റഷ്യയുടെ നിലപാടുകളെയും കസാറ്റ്കിന വിമർശിച്ചു. റഷ്യയിൽ സ്വവർഗ ലൈംഗികതയെ പിന്തുണക്കുന്ന രീതിയിലുള്ള വിവരങ്ങൾ നിരോധിക്കാൻ നിയമം കൊണ്ടുവരുന്നതിനുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദാരിയ കസാറ്റ്കിന തന്റെ ബന്ധം പരസ്യമാക്കിയതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
'ഇതിലും വലിയ ഒരുപാട് കാര്യങ്ങൾ നിരോധിക്കാനുണ്ട്. അതുകൊണ്ട്, ഇതൊന്നും അതിശയിപ്പിക്കുന്ന കാര്യമായി തോന്നുന്നില്ല. അവർ പറയുന്നതുപോലെ, ആരുമറിയാതെ ഒളിച്ചിരുന്ന് ജീവിക്കുന്നതിൽ അർഥമില്ല' -കസാറ്റ്കിന പറഞ്ഞു. റഷ്യയിൽ സ്വവർഗ ലൈംഗികത 1993 മുതൽ ക്രിമിനൽ കുറ്റമല്ല. എന്നാൽ, സ്വവർഗ ലൈംഗികതയെന്ന ആശയം പുതുതലമുറയിലേക്ക് പകരുന്നത് 2013 മുതൽ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.