ഹൈദരാബാദ്: തൻ്റെ വിരമിക്കലിന് പിന്നിലെ പ്രധാന കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ടെന്നീസ് സെൻസേഷനായ സാനിയ മിർസ. ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ സാനിയ മിർസ 2023 ഫെബ്രുവരിയിലായിരുന്നു ടെന്നീസിൽ നിന്ന് വിരമിച്ചത്.
ജനുവരിയിൽ പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിൽ നിന്ന് വിവാഹമോചനം നേടിയതിന് ശേഷം സാനിയ ഇപ്പോൾ മകൻ ഇസാൻ മിർസ മാലിക്കിനൊപ്പം ദുബായിലാണ് താമസിക്കുന്നത്.
കായികരംഗത്ത് നിന്ന് പിന്മാറാനുള്ള പ്രധാന പ്രേരണകളിലൊന്ന് തൻ്റെ മകൻ ഇസാനാണെന്ന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖങ്ങളിലൊന്നിൽ സാനിയ വെളിപ്പെടുത്തി. മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ടെന്നീസിൽ നിന്ന് മാറി നിന്നതെന്ന് അവർ പറയുന്നു.
ഇന്ത്യയിലെയും ദുബായിലെയും ടെന്നീസ് അക്കാദമികൾ കൈകാര്യം ചെയ്യുന്നതുൾപ്പെടെയുള്ള മറ്റ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിൽ, മകനുവേണ്ടി നല്ല സമയം ചെലവഴിക്കാൻ കഴിയുന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.
“സത്യസന്ധമായി പറഞ്ഞാൽ ടെന്നീസിൽ നിന്ന് വിരമിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മകനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിച്ചതാണ്. എനിക്കിപ്പോൾ അതിന് കഴിയുന്നുണ്ട്. ഞാനത് ശരിക്കും ആസ്വദിക്കുകയാണ്. എങ്കിലും ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. എനിക്ക് ഇന്ത്യയിൽ (ഹൈദരാബാദിൽ) ടെന്നീസ് അക്കാദമിയുണ്ട്. ദുബായിലും അക്കാദമികളുണ്ട്, ഇപ്പോഴും ടെന്നീസ് കളിക്കാറുമുണ്ട്. കൂടെ ടെലിവിഷൻ ഷോകളിലും മറ്റും ഏർപ്പെട്ടാണ് ഞാൻ എന്നെത്തന്നെ തിരക്കിലാക്കിയത്, എങ്കിലും ഞാൻ വിരമിച്ചത് മകന് വേണ്ടിയാണ്, അവന് വേണ്ടിയാണ് കൂടുതൽ സമയവും മാറ്റിവെക്കാറുള്ളത്,” -സാനിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.