ന്യൂയോർക്ക്: യു.എസ് ഓപൺ ടെന്നിസിൽ വനിതകളുടെ സെമിഫൈനൽ മത്സരം നടക്കുന്നതിനിടെ ഗാലറിയിൽ അസാധാരണ പ്രതിഷേധം. ഫ്ലഷിങ് മെഡോസിലെ ആർതർ ആഷെ സ്റ്റേഡിയത്തിൽ ആതിഥേയ താരം കൊകോ ഗൗഫും ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിൻ മുച്ചോവയും തമ്മിലുള്ള മത്സരത്തിന്റെ രണ്ടാം സെറ്റിനിടെയാണ് പ്രതിഷേധം തുടങ്ങിയത്. കാലാവസ്ഥ വ്യതിയാന പ്രക്ഷോഭകരാണ് ‘ഫോസിൽ ഇന്ധനങ്ങൾ അവസാനിപ്പിക്കുക’ എന്നെഴുതിയ ടീ ഷർട്ട് അണിഞ്ഞെത്തി ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചത്. ഇത് അവസാനിപ്പിക്കാൻ റഫറി ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതിനിടെ ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കാണികളും ബഹളം വെച്ചു. പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് കളി പുനരാരംഭിച്ചത്.
ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ ഗൗഫ് രണ്ടാം സെറ്റിൽ 1-0ത്തിന് മുന്നിൽ നിൽക്കെയാണ് പ്രതിഷേധം ഉണ്ടായത്. ഇതോടെ കരോലിന മുച്ചോവ കോർട്ട് വിട്ടു. പിന്നാലെ ഗൗഫും തിരിച്ചുകയറുകയായിരുന്നു. മത്സരം 6-4, 7-5 എന്ന സ്കോറിന് ഗൗഫ് സ്വന്തമാക്കി. ലോക രണ്ടാം നമ്പറുകാരി അരീന സബാലെങ്കയാണ് ഫൈനലിൽ 19കാരിയുടെ എതിരാളി. മാഡിസൺ കീസിനെതിരെ ആദ്യ സെറ്റ് 0-6ന് നഷ്ടമായ ശേഷം തുടർന്നുള്ള രണ്ട് സെറ്റുകളും 7-6 (7-1), 7-6 (10-5) സ്വന്തമാക്കിയാണ് സബാലെങ്ക ഫൈനലിലേക്ക് മുന്നേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.