ന്യൂയോർക്ക്: അമേരിക്കൻ കൗമാരതാരം കൊകൊ ഗൗഫിന് യു.എസ് ഓപ്പൺ കിരീടം. ബെലാറസ് താരം സബലെങ്കയെ അട്ടിമറിച്ചാണ് ഗൗഫിന്റെ കിരീടനേട്ടം. ആർതുർ ആഷെ സ്റ്റേഡിയത്തിൽ രണ്ട് മണിക്കൂറും ആറ് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗൗഫ് യു.എസ് ഓപ്പണിൽ മുത്തമിട്ടത്. സ്കോർ: 2-6, 6-3, 6-2
സെറീന വില്യംസിന് ശേഷം യു.എസ് ഓപ്പൺ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഗൗഫ് മാറി. 1999ൽ മാർട്ടീന ഹിങ്ഗിസിനെ തകർത്താണ് സെറീന യു.എസ് ഓപ്പൺ കിരീടം നേടിയത്. അന്ന് 18 വയസായിരുന്നു സെറീനയുടെ പ്രായം.
മത്സരത്തിൽ സെബലങ്കയും ഗൗഫും ഒരുപോലെ പിഴവുകൾ വരുത്തിയെങ്കിലും അന്തിമ വിജയം ഗൗഫിനൊപ്പം നിൽക്കുകയായിരുന്നു. 28,143 പേരാണ് മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. ജൂലൈയിൽ നടന്ന വിംബിൾഡൺ ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ തന്നെ ഗൗഫ് പുറത്തായിരുന്നു. പിന്നീട് നടന്ന വാഷിങ്ടൺ, സിൻസിനാറ്റി ടൂർണമെന്റുകളിൽ വിജയിച്ചാണ് അന്നത്തെ തോൽവിക്ക് ഗൗഫ് മറുപടി നൽകിയത്. ഒടുവിൽ യു.എസ് ഓപ്പൺ കൂടി നേടി തന്റെ കരിയറിലെ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണവർ.
കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പണിലെ പരാജയം തന്നെ വല്ലാതെ ഉലച്ചുവെന്ന് മത്സരശേഷം ഗൗഫ് പറഞ്ഞു. കിരീട നേട്ടത്തിന് തന്നെ അവിശ്വസിച്ചവരോടാണ് നന്ദി പറയേണ്ടത്. തന്റെ ഉള്ളിലുള്ള തീ കെടുത്താൻ വെള്ളമൊഴിക്കുകയാണ് ചെയ്യുന്നതെന്നാണ് അവർ വിചാരിച്ചത്. എന്നാൽ, ഗ്യാസായിരുന്നു എന്റെ തീക്കുമേൽ അവർ ഒഴിച്ചത്. ഞാൻ ഇപ്പോൾ കൂടുതൽ ശക്തിയോടെ കത്തുകയാണെന്നും ഗൗഫ് പറഞ്ഞു. ട്രാസി ഓസ്റ്റിനും സെറീന വില്യംസിനും ശേഷം യു.എസ് ഓപ്പൺ കിരീടം നേടുന്ന യു.എസിന്റെ മൂന്നാമത്തെ കൗമാരതാരമാണ് ഗൗഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.