മ​ത്സ​ര​ശേ​ഷം ഇ​ഗ സ്വൈ​റ്റകിനെ ഹ​സ്ത​ദാ​നം ചെ​യ്യു​ന്ന ലാ​ത്‍വി​യ​ൻ താ​രം ജെ​ലീ​ന ഒ​സ്​​റ്റ​പെ​​ങ്കോ

യു.എസ് ഓപൺ: ദ്യോകോ ക്വാർട്ടറിൽ, ചാമ്പ്യൻ ഇഗ സ്വൈറ്റക് പുറത്ത്

ന്യൂയോർക്: യു.എസ് ഓപണിൽ കിരീടം നിലനിർത്താനിറങ്ങിയ ലോക ഒന്നാം നമ്പർ താരം ഇഗ സ്വൈറ്റക്കിന് ക്വാർട്ടർ ഫൈനൽ കാണാനാകാതെ മടക്കം. ലാത്‍വിയൻ താരം ജെലീന ഒസ്റ്റപെങ്കോയാണ് മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ പോളണ്ട് താരത്തെ മറികടന്നത്. സ്കോർ 3-6, 6-3, 6-1. അവസാന എട്ടും കാണാതെ മടങ്ങിയതോടെ റാങ്കിങ്ങിലും താരം താഴോട്ടിറങ്ങും. നിലവിലെ രണ്ടാം റാങ്കുകാരിയായ അരിന സബലെങ്ക അടുത്തയാഴ്ച പുറത്തിറങ്ങുന്ന പുതിയ റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്ഥാനത്തേക്ക് കയറും.

പൊള്ളുന്ന ഷോട്ടുകളുമായി മൈതാനം നിറഞ്ഞ ലോക 20ാം നമ്പർ താരത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെയാണ് ആദ്യ സെറ്റ് നേടിയിട്ടും തുടർന്ന് രണ്ടും നഷ്ടപ്പെടുത്തി സ്വിയാറ്റെക് കളി കൈവിട്ടത്. ഇരുവരും തമ്മിൽ മുഖാമുഖം നിന്ന നാലു കളികളിലും അപരാജിതയെന്ന റെക്കോഡും ഒസ്റ്റപെങ്കോക്ക് സ്വന്തം. മറ്റൊരു മത്സരത്തിൽ നീണ്ട ഇടവേളക്കു ശേഷം റാക്കറ്റേന്തിയ ഡാനിഷ് താരം കരോലിൻ വോസ്നിയാക്കിക്ക് പ്രീ ക്വാർട്ടറിൽ തോൽവി. അമേരിക്കൻ കൗമാരതാരം കൊക്കോ ഗോഫിനു മുന്നിലാണ് മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽവി സമ്മതിച്ചത്. സ്കോർ 6-3, 3-6, 6-1. രണ്ടു മക്കളുടെ മാതാവായ ശേഷം ദീർഘമായ ഇടവേളയെടുത്ത ശേഷമുള്ള സ്വപ്നതുല്യമായ തിരിച്ചുവരവാണ് ഗോഫിന്റെ കളിക്കരുത്തിനു മുന്നിൽ അവസാനിച്ചത്.

പുരുഷന്മാരിൽ തന്റെ പേരിലുള്ള 23 ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന ചരിത്രം പുതുക്കാനിറങ്ങിയ വെറ്ററൻ താരം നൊവാക് ദ്യോകോവിച്ച് എതിരാളിയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി ക്വാർട്ടറിലെത്തി. അപ്രതീക്ഷിത കുതിപ്പുമായി ഫ്ലഷിങ് മീഡോസിൽ കൗതുകമായി മാറിയ ക്രൊയേഷ്യൻ പുതുമുഖ താരം ബോർണ ഗോജോയെ 6-2 7-5 6-4 നാണ് ദ്യോകോ മറികടന്നത്. ക്വാർട്ടറിൽ യു.എസ് താരം ടെയ്‍ലർ ഫ്രിറ്റ്സാണ് സെർബിയൻ താരത്തിന്റെ എതിരാളി. മറ്റു മത്സരങ്ങളിൽ ഫ്രാൻസിസ് ടിയാഫോ, ബെൻ ഷെൽട്ടൺ തുടങ്ങിയവരും അവസാന എട്ടിലെത്തി.

അതിനിടെ, പുരുഷ ഡബ്ൾസിൽ ആസ്ട്രേലിയൻ പങ്കാളി മാത്യു എബ്ഡനെ കൂട്ടി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ക്വാർട്ടറിലെത്തി. ജൂലിയൻ കാഷ്, ഹെന്റി പാറ്റെൻ സഖ്യത്തെയാണ് ഇരുവരും ചേർന്ന് പരാജയപ്പെടുത്തിയത്. സ്കോർ 6-4, 6-7(5), 7-6(10-6). ഈ വർഷം വിംബിൾഡണിൽ ബൊപ്പണ്ണ സഖ്യം സെമിയിലെത്തിയിരുന്നു.

Tags:    
News Summary - US Open 2023: Defending champion Swiatek stunned by Ostapenko as Djokovic cruises to quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.