ന്യൂയോർക്: വമ്പൻ അട്ടിമറികൾ കണ്ട വനിത വിഭാഗത്തിൽ കലാശപ്പോരിൽ ഇനി അമേരിക്ക- ബെലറൂസ് പോര്. ഫോസിൽ ഇന്ധനത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയവർ കളി തടസ്സപ്പെടുത്തിയ ആദ്യ സെമിയിൽ അമേരിക്കൻ കൗമാരതാരം കൊകോ ഗോഫ് കരോലിന മുച്ചോവയെ വീഴ്ത്തിയപ്പോൾ (സ്കോർ 6-4 7-5) അമേരിക്കയുടെതന്നെ മറ്റൊരു പ്രതീക്ഷയായ മാഡിസൺ കീസിനെ 0-6 7-6 (7-1) 7-6 (10-5) ന് കടന്നാണ് ലോക ഒന്നാം നമ്പർ താരം സബലെങ്ക ഫൈനലിലെത്തിയത്. ശനിയാഴ്ചയാണ് ഇവർ തമ്മിലെ ആവേശപ്പോരാട്ടം.
നാലു പേർ ചേർന്നായിരുന്നു ഒന്നാം സെമിക്കിടെ പെട്രോളിയം ഉൽപന്നങ്ങൾക്കെതിരെ പ്രതിഷേധവുമായി ഇറങ്ങിയത്. പണിപ്പെട്ട് ഇവരെ കസ്റ്റഡിയിലെടുത്ത ശേഷമായിരുന്നു കളി പുനരാരംഭിച്ചത്. യു.എസ് ഓപണിൽ കൗമാര താരത്തിനിത് കന്നി ഫൈനലാണ്. 2022 ഫ്രഞ്ച് ഓപൺ ഫൈനൽ കളിച്ച 19കാരി അന്ന് ഇഗ സ്വിയാറ്റകിനോട് തോൽവി സമ്മതിച്ചിരുന്നു. സെറീന വില്യംസിനു ശേഷം യു.എസ് ഓപൺ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗോഫിന് സ്വന്തം. അടുത്തിടെ വാഷിങ്ടണിലും സിൻസിനാറ്റിയിലും താരം കിരീടം ചൂടി. രണ്ടാം സെമിയിൽ ഒന്നാം സീഡ് സബലെങ്കക്കെതിരെ മാരക പ്രകടനത്തിനൊടുവിലാണ് മാഡിസൺ കീസ് തോൽവി സമ്മതിച്ചത്.
യു.എസ് ഓപണിൽ ഇന്ത്യൻ പ്രതീക്ഷയായി കരുത്തുകാട്ടിയ രോഹൻ ബൊപ്പണ്ണ ആസ്ട്രേലിയൻ താരം മാത്യു എബ്ഡനെ കൂട്ടി ഫൈനലിലെത്തിയതോടെ ഓപൺ കാലത്ത് കലാശപ്പോര് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി. 43 വയസ്സും ആറു മാസവുമുള്ള താരം എബ്ഡനൊപ്പം നേരിട്ടുള്ള സെറ്റുകൾക്ക് ഫ്രഞ്ച് ജോടികളായ നികളാസ് മാഹുട്ടിനെയും പിയറി ഹ്യൂഗ്സ് ഹെർബർട്ടിനെയും തോൽപിച്ചുവിട്ടത്. സ്കോർ 7-6(3), 6-2. നേരത്തെ 43 വയസ്സും നാലു മാസവുമുള്ള കാനഡ താരം ഡാനിയൽ നെസ്റ്റോറായിരുന്നു പ്രായം കൂടിയ താരത്തിന്റെ റെക്കോഡിനുടമ. ഒരു ഘട്ടത്തിൽ പിറകിൽ നിന്ന ശേഷമായിരുന്നു ബൊപ്പണ്ണ-എബ്ഡൻ കൂട്ടുകെട്ട് ആദ്യ സെറ്റിൽ തിരിച്ചുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.