ന്യൂയോർക്: ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഇഗ സ്വിയാറ്റകിന് യു.എസ് ഓപൺ കിരീടം. ടോപ് സീഡായ 21കാരി ഫൈനലിൽ തുനീഷ്യയുടെ അഞ്ചാം സീഡ് ഒൻസ് ജാബിറിനെയാണ് നേരിട്ടുള്ള സെറ്റുകളിൽ തോൽപിച്ചത്. സ്കോർ: 6-2, 7-6. കരിയറിൽ സ്വിയാറ്റകിന്റെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. ഈ വർഷത്തെ ഫ്രഞ്ച് ഓപണും സ്വിയാറ്റകിനായിരുന്നു. ജാബിറിനാവട്ടെ തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനൽ തോൽവിയായി ഇത്. നേരത്തേ വിംബ്ൾഡണിലും ഫൈനലിൽ തോറ്റിരുന്നു.
ഫൈനലിൽ ആദ്യ സെറ്റ് അനായാസം നേടിയ സ്വിയാറ്റകിനെതിരെ രണ്ടാം സെറ്റിൽ ജാബിർ നന്നായി പൊരുതി. മാച്ച് പോയന്റ് അതിജീവിച്ച് സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടിയ തുനീഷ്യക്കാരിക്ക് പക്ഷേ പോളണ്ടുകാരിയുടെ ജയം തടയാനായില്ല. ഫ്രഞ്ച് ഓപൺ ജയിച്ചതിനുപിറകെ 37 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച സ്വിയാറ്റക് വിംബ്ൾഡണിൽ മൂന്നാം റൗണ്ടിൽ പരാജയപ്പെട്ടിരുന്നു. അതിന് പിറകെ ഫോം മങ്ങിയ താരം പിന്നീട് ആറു മത്സരങ്ങൾ ജയിച്ചപ്പോൾ നാലെണ്ണത്തിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ സമ്മിശ്ര ഫോമുമായാണ് സ്വിയാറ്റക് യു.എസ് ഓപണിനെത്തിയതെങ്കിലും ടൂർണമെന്റ് തുടങ്ങിയതോടെ താളം കണ്ടെത്തി.
സീസൺ തുടങ്ങുമ്പോൾ ലോക ഒമ്പതാം നമ്പർ താരമായിരുന്ന സ്വിയാറ്റകിന്റെ വളർച്ച വിസ്മയാവഹമായിരുന്നു. ഏപ്രിലോടെ ലോക ഒന്നാം നമ്പർ താരമായ സ്വിയാറ്റകിന്റെ സീസണിലെ റെക്കോഡ് 55-7 ആണ്. ഇതിൽ തന്നെ ആദ്യ 10 റാങ്കുകാരായ എതിരാളികളോടുള്ള റെക്കോഡ് 8-1 ആണ്. തൊട്ടുമുമ്പ് ഒന്നാം നമ്പറിലുണ്ടായിരുന്ന ആഷ് ലി ബാർതിയോട് മാത്രമാണ് തോറ്റിരുന്നത്.
ഫൈനലുകളിൽ സ്വിയാറ്റക് ഏറെ മികവ് കാട്ടുന്നു. ആദ്യ ഫൈനൽ തോറ്റ ശേഷം കളിച്ച 10 കലാശക്കളികളിലും താരം തോൽവിയറിഞ്ഞിട്ടില്ല. എല്ലാത്തിലും ജയം നേടിയത് നേരിട്ടുള്ള സെറ്റുകളിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.