ടോക്യേ: ഒളിമ്പിക്സ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനുള്ള നീക്കങ്ങൾക്കിടെ കാണികളെ അനുവദിച്ചാൽ മാത്രമേ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന് ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച് .
കാണികളെ അനവദിച്ചാൽ മാത്രമേ ഞാൻ ഒളിമ്പിക്സിൽ പങ്കെടുക്കൂ. അല്ലാത്തപക്ഷം മറിച്ച് ചിന്തിക്കേണ്ടി വരും - സെർബിയൻ താരം പറഞ്ഞു. ദ്യോകോവിചിനൊപ്പം അമേരിക്കൻ ഇതിഹാസതാരം സെറീന വില്യംസും ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.
ഒളിമ്പിക്സ് നടത്തിപ്പിനെ സംബന്ധിച്ച് ഉറപ്പായ തീരുമാനം കൈകൊള്ളണമെന്നും താൻ ഇപ്പോഴും സംശയത്തിലാണെന്നുമായിരുന്നു മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡററുടെ പ്രതികരണം. ജപ്പാെൻറ നവോമി ഒസാകയും കെയ് നിഷികോരിയും ഒളിമ്പിക്സിൻ്റെ ഭാവി സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മഹാമാരിക്കാലത്ത് ടോക്യോ ഒളിമ്പിക്സ് നടത്തരുതെന്നും അത് പുതിയ വകഭേദത്തിന് കാരണമാകുമെന്നും മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയത്. 'ഒളിമ്പിക്സ് വകഭേദം' എന്ന് ആ വൈറസിന് പേരു വരുമെന്നും ജപ്പാൻ ഡോക്ടേഴ്സ് യൂനിയൻ ചെയർമാൻ ഡോ. നവോറ്റോ ഉയേമ മുന്നറിയിപ്പു നൽകുന്നു.
ടോക്യോ ഒളിമ്പിക്സിൽ വിദേശ കാണികൾക്ക് പ്രവേശനമില്ലെങ്കിലും നാട്ടുകാരുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. പക്ഷേ, 200ലധികം രാജ്യങ്ങളിൽനിന്ന് കായികതാരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുമായി വൻആൾക്കൂട്ടംതന്നെയെത്തുമ്പോൾ കോവിഡിൻെറ പുതിയ വകഭേദമുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
'ഒളിമ്പിക്സ് വകഭേദം' എന്നാവും അതിന് പേര് വീഴുക. അതൊരു വലിയ ദുരന്തമായി മാറുകയും നൂറ്റാണ്ടു കഴിഞ്ഞാലും ആ പേരുദോഷം ജപ്പാനെ വിട്ടുപോകുകയില്ലെന്നും ഡോക്ടേഴ്സ് യൂനിയൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.