ലണ്ടൻ: നാല് മണിക്കൂർ 42 മിനുറ്റ് നീണ്ട പോരാട്ടം, വിംബ്ൾഡൺ പുൽമൈതാനത്തെ തീപിടിപ്പിച്ച അഞ്ച് സെറ്റ് നീണ്ട ഒരൊന്നൊന്നര ഫൈനൽ, ഒടുവിൽ സെർബിയൻ ഇതിഹാസത്തെ തകർത്ത് സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് വിംബ്ൾഡൺ കിരീടം ചൂടി. 24ാം ഗ്രാൻഡ്സ്ലാം സിംഗ്ൾസ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ നൊവാക് ദ്യോകോവിചിന്റെ തേരോട്ടം ലോക ഒന്നാം നമ്പർ താരം അൽകാരസ് അവസാനിപ്പിക്കുകയായിരുന്നു.
സ്കോർ ( 1-6,7-6,6-1,3-6, 6-4 ). ആദ്യ സെറ്റ് അനായാസം പിടിച്ചെടുത്ത ദ്യോകോവിച് രണ്ടാം സെറ്റ് കൈവിട്ടതോടെ ഓൾ ഇംഗ്ലണ്ട് ക്ലബിൽ റാഫേൽ നദാലിനുശേഷം മുത്തമിടുന്ന സ്പാനിഷ് താരമെന്ന റെക്കോഡ് അൽകാരസിന് സ്വന്തമാകുമെന്ന പ്രതീക്ഷക്ക് കനം വെച്ചു. മൂന്നാം സെറ്റും 6-1ന് പിടിച്ചെടുത്തു. നാലാം സെറ്റിൽ കളി തീർക്കാനിറങ്ങിയ അൽകാരസിനെതിരെ ശക്തമായി കളിച്ച് ദ്യോക്കോ തിരിച്ചുവരവിനൊരുങ്ങുന്നതാണ് തുടക്കത്തിലേ കണ്ടത്. സ്പാനിഷ് താരത്തിന്റെ മുൻതൂക്കത്തോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് കഥ മാറി. ഇടക്കൊന്ന് ഒപ്പത്തിനൊപ്പം പിടിക്കാനായത് അൽകാരസിന് മിച്ചം. 6-3ന് നാലം സെറ്റ് പിടിച്ച് ദ്യോകോയുടെ അത്യുഗ്രൻ തിരിച്ചുവരവ്. 2019ന് ശേഷം ആദ്യമായി വിംബ്ൾഡൺ പുരുഷ സിംഗ്ൾസ് ഫൈനൽ അഞ്ചാം സെറ്റിലേക്ക് കടന്നു. ദ്യോകോയേക്കാൾ 16 വയസ്സ് കുറവുള്ള അൽകാരസിന്റെ മുഖത്ത് ആവേശവും ആത്മവിശ്വാസവും കുറഞ്ഞുവന്നു.
വീണെന്ന് കരുതിയിടത്ത് നിന്ന് പക്ഷെ സ്പാനിഷ് യുവതാരം വീണ്ടും തിരിച്ചുവന്നു. പിന്നെ ഇഞ്ചോടിഞ്ച്. താമസിയാതെ അൽകാരസിന്റെ മുന്നേറ്റം. ഒടുവിൽ ചാമ്പ്യൻഷിപ് പോയന്റുമായി ആഹ്ലാദാവാനായി മൈതാനത്ത് കിടന്നു അൽകാരസ്.
അൽകാരസിന്റെ ആദ്യ വിംബ്ൾഡൺ കിരീടവും രണ്ടാം ഗ്രാൻഡ്സ്ലം സിംഗ്ൾസ് കിരീടവുമാണിത്. 2022 ൽ യു.എസ്.ഓപൺ സ്വന്തമാക്കിയ 20 കാരൻ ഈ വർഷം ഫ്രഞ്ച് ഓപണിൽ സെമിഫൈനലിൽ ദ്യോകോവിചിനോട് പരാജയപ്പെട്ടിരുന്നു.
അതേസമയം, 2022ലെ മഡ്രിഡ് എ.ടി.പി മാസ്റ്റേഴ്സ് സെമിഫൈനലിൽ ഇരുവരും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് അൽകാരസ് അട്ടിമറിജയം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.