ലണ്ടൻ: വിംബ്ൾഡൺ ടെന്നിസ് ടൂർണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ച നിലവിലെ ചാമ്പ്യൻ നൊവാക് ദ്യോകോവിച് സ്വിറ്റ്സർലൻഡിന്റെ ഇതിഹാസ താരം റോജർ ഫെഡററുടെ റെക്കോഡിനൊപ്പമെത്തി. 46ാം ഗ്രാൻഡ് സ്ലാം സെമിയെന്ന നേട്ടമാണ് ഫെഡററുമായി സെർബിയൻ സൂപ്പർ താരം പങ്കിടുന്നത്.
പുരുഷ സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ ദ്യോകോക്ക് മുന്നിൽ കീഴടങ്ങിയത് റഷ്യയുടെ ആന്ദ്രെ റബ് ലോവാണ്. സ്കോർ: 4-6, 6-1, 6-4, 6-3. ഇക്കുറി ആദ്യമായി ഒന്നാം സെറ്റ് നഷ്ടമായ താരം ഉജ്ജ്വലമായി തിരിച്ചുവരുകയായിരുന്നു. ഇറ്റലിയുടെ ജാനിക് സിന്നറാണ് വെള്ളിയാഴ്ചത്തെ സെമിയിൽ ദ്യോകോവിചിന്റെ എതിരാളി. റഷ്യയുടെ റോമൻ സഫിയുലിനെ 6-4, 3-6, 6-2, 6-2 സ്കോറിന് സിന്നറും തോൽപിച്ചു.
വനിത സിംഗ്ൾസിൽ തുനീഷ്യയുടെ ഒൻസ് ജാബിയറും ബെലറൂസിന്റെ അരീന സെബലങ്കയും അവസാന നാലിൽ കടന്നു. കസാഖ്സ്താന്റെ എലേന റിബാകിനയെയാണ് ജാബിയർ പരാജയപ്പെടുത്തിയത്. സ്കോർ: 6-7, 6-4, 6-1. അമേരിക്കയുടെ മഡിസൻ കീസിനെ സെബലങ്ക 6-2, 6-4നും മറികടന്നു. വ്യാഴാഴ്ചത്തെ സെമിയിൽ ഇരുവരും ഏറ്റുമുട്ടും. യുക്രെയ്നിന്റെ എലേന സ്വിറ്റോലിനയും ചെക് റിപ്പബ്ലിക്കിന്റെ മർകേറ്റ വൻഡ്രൂസോവയും തമ്മിലാണ് മറ്റൊരു സെമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.