ലണ്ടൻ: ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടനേട്ടത്തിൽ ഇതിഹാസതാരം മാർഗരറ്റ് കോർട്ടിന് ഒപ്പമെത്താനുള്ള സെറീന വില്യംസിൻെറ കാത്തിരിപ്പ് നീളുന്നു. 24ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന നേട്ടത്തിലേക്ക് നാലുവർഷമായി റാക്കറ്റ് വീശാൻ ശ്രമിക്കുന്ന സെറീനക്ക് വിംബ്ൾഡൺ ആദ്യ റൗണ്ടിൽ പരിക്കുമൂലം പിന്മാറേണ്ടിവന്നു.
2017 ആസ്ട്രേലിയൻ ഓപണിലാണ് സെറീന അവസാനമായി ഗ്രാൻഡ്സ്ലാം നേടിയത്. ഇതോടെ സെറീനയുടെ ഗ്രാൻഡ്സ്ലാം സിംഗിൾസ് ട്രോഫികളുടെ എണ്ണം 23ൽ തുടരുന്നു. ബലാറസിൻെറ സീഡില്ലാതാരം അലക്സാൻഡ്ര സസ്നോവിചിനെതിരെ ആദ്യ സെറ്റിൽ 3-3ൽ നിൽക്കെയാണ് ആറാം സീഡുകാരിയായ സെറീനയുടെ വലതുകാലിന് പരിക്കേറ്റത്. ഇതോടെ 39കാരിക്ക് കണ്ണീരോടെ പിൻവാങ്ങേണ്ടിവന്നു.
പുരുഷവിഭാഗത്തിൽ ടോപ് സീഡ് നൊവാക് ദ്യോകോവിച് 6-3, 6-3, 6-3ന് സീഡ് ചെയ്യപ്പെടാത്ത കെവിൻ ആൻഡേഴ്സണെ തോൽപിച്ച് മൂന്നാം റൗണ്ടിലെത്തി. രണ്ടാം സീഡ് ഡാനിൽ മെദ്വദേവ് 6-4, 6-1, 4-6, 7-6ന് സീഡില്ലാത്ത യാൻ ലെനാർഡ് സട്രഫിനെ കീഴടക്കി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. വനിതകളിൽ മൂന്നാം സീഡ് എലീന സ്വിറ്റോലിന 6-3, 2-6, 6-3ന് അലിസൻ വാൻ ഉയ്ത്വാൻകിനെയും 20ാം സീഡ് കാമറോൺ ഗഫ് 7-5, 6-4ന് ഫ്രാൻസെസ്ക ജോൺസിനെയും 25ാം സീഡ് ആൻജലിക് കെർബർ 6-4, 6-3ന് നിന സ്റ്റൊയാനോവിചിനെയും തോൽപിച്ചു മുന്നേറി. അഞ്ചാം സീഡ് ബിയാൻക ആന്ദ്രെസ്ക്യു ആദ്യ റൗണ്ടിൽ പുറത്തായി. 6-2, 6-1ന് സീഡില്ലാതാരം അലീസ് കോർനറ്റിനോടാണ് മുൻ യു.എസ് ഓപൺ ജേത്രി തോറ്റത്. 13ാം സീഡ് എലീസെ മെർടെൻസ്, 16ാം സീഡ് അനസ്താസിയ പാവ്ല്യുചെങ്കോവ, 19ാം സീഡ് കരോലിന മുക്കോവ, 24ാം സീഡ് ആനെറ്റ് കേൻറവൈറ്റ്, 31ാം സീഡ് ഡാരിയ കാസറ്റ്കിന എന്നിവർ അടുത്ത റൗണ്ടിലേക്ക് മുന്നേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.