യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ റഷ്യ, ബെലറൂസ് രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾക്ക് ബ്രിട്ടനിലെ ടൂർണമെന്റുകളിൽ ഏർപെടുത്തിയ വിലക്ക് എടുത്തുകളയുന്നു. ബ്രിട്ടീഷ് ടെന്നിസ് സമിതിയായ ലോൺ ടെന്നിസ് അസോസിയേഷനാണ് (എൽ.ടി.എ) വിലക്ക് പിൻവലിക്കുന്നത്. കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ നിയന്ത്രണത്തെ തുടർന്ന് അഞ്ച് എ.ടി.പി ടൂർണമെന്റുകളിലാണ് ഇരുരാജ്യങ്ങളിലെയും താരങ്ങൾ വിലക്കപ്പെട്ടിരുന്നത്. എൽ.ടി.എ നടപടിക്കു പിന്നാലെ വിംബിൾഡൺ നടത്തിപ്പുകാരായ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നിസ് ക്ലബും വിലക്ക് പിൻവലിക്കുമെന്നാണ് സൂചന.
റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനെ മത്സരത്തിനിടെ വലുതായിക്കാണിക്കുന്നതൊന്നും ചെയ്യരുതെന്ന നിബന്ധനയിലാകും ഈ രാജ്യക്കാർക്ക് അനുമതി. ബ്രിട്ടനിലെ വിലക്കിനെ തുടർന്ന് രാജ്യാന്തര സമിതിയായ എ.ടി.പി 10 ലക്ഷം ഡോളർ പിഴയിട്ടിരുന്നു. ഇതിൽ ഏഴര ലക്ഷം ഡോളർ എൽ.ടി.എയും രണ്ടര ലക്ഷം ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നിസ് ക്ലബും അടക്കണമെന്നായിരുന്നു നിർദേശം. വിലക്കിനെ തുടർന് വിംബിൾഡൺ മത്സരങ്ങൾ വഴി ലഭിക്കേണ്ട റാങ്കിങ് പോയിന്റുകൾ പരിഗണിക്കില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.
അതേ സമയം, കസഖ്സ്താനെ പ്രതിനിധീകരിച്ച് എത്തിയ റഷ്യൻ വംശജയായ എലീന റിബാകിനയായിരുന്നു വിംബിൾഡൺ വനിത സിംഗിൾസ് ചാമ്പ്യൻ. വിലക്ക് എടുത്തുകളഞ്ഞില്ലെങ്കിൽ മുൻനിര ടൂർണമെന്റുകളിൽ ചിലത് ബ്രിട്ടനിൽനിന്ന് മാറ്റാനും ഉയർന്ന തുക പിഴ അടുത്ത വർഷവും ചുമത്താനും നീക്കമുണ്ടെന്നും സൂചനയുണ്ട്.
വിംബിൾഡൺ ഒഴികെ ഗ്രാൻഡ്സ്ലാമുകളിലൊന്നും റഷ്യ, ബെലറൂസ് രാജ്യങ്ങളിലെ താരങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ചിരുന്നില്ല. യു.എസ്, ഫ്രഞ്ച്, ആസ്ട്രേലിയ ഓപണുകളിൽ റഷ്യൻ പതാകയിലല്ലാതെ റഷ്യൻ താരങ്ങൾ പങ്കെടുത്തപ്പോഴാണ് വിംബിൾഡണിൽ മാത്രം റഷ്യക്കും ബെലറൂസിനും സമ്പൂർണ വിലക്കേർപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.