ലണ്ടൻ: വിംബ്ൾഡൺ വനിത കിരീടം ടോപ് സീഡ് ആസ്ട്രേലിയയുടെ ആഷ്ലി ബാർതിക്ക്. മൂന്നു സെറ്റ് പോരാട്ടത്തിൽ എട്ടാം സീഡ് ചെക് റിപ്പബ്ലിക്കിെൻറ കരോലിന പ്ലിസ്കോവയെ 6-3, 6-7, 6-3ന് തോൽപിച്ചാണ് ബാർതി രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം മാറോടുചേർത്തത്. 25കാരിയുടെ ആദ്യ വിംബ്ൾഡൺ ട്രോഫിയാണിത്. നേരത്തേ 2019ൽ ഫ്രഞ്ച് ഓപൺ കരസ്ഥമാക്കിയിരുന്നു. 1980ൽ ഇവോൺ ഗൂലാഗോങ്ങിനുശേഷം വിംബ്ൾഡൺ ജയിക്കുന്ന ആദ്യ ആസ്ട്രേലിയക്കാരിയാണ് ബാർതി.
ആദ്യ സെറ്റ് അനായാസം നേടിയ ബാർതി രണ്ടാം സെറ്റിൽ 6-5ന് മുന്നിലെത്തി മാച്ച് പോയൻറിലെത്തിയെങ്കിലും പിഴവുകളുമായി കൈവിട്ടു. ടൈബ്രേക്കർ ജയിച്ച് പ്ലിസ്കോവ ഒപ്പമെത്തിയതോടെ മത്സരം നിർണായകമായ മൂന്നാം സെറ്റിലേക്ക് നീണ്ടു. മൂന്നാം സെറ്റിൽ തുടക്കം മുതൽ ലീഡ് നേടിയ ബാർതി അനായാസം കിരീടത്തിലേക്ക് റാക്കറ്റ് വീശി.
2012നുശേഷം ആദ്യമായാണ് വിംബ്ൾഡൺ വനിത ഫൈനൽ മൂന്നാം സെറ്റിലേക്ക് നീളുന്നത്. വിംബ്ൾഡണിൽ മുമ്പ് പ്രീക്വാർട്ടർ വരെ മാത്രം എത്തിയവരാണ് ബാർതിയും പ്ലിസ്കോവയും. 1977നുശേഷം ആദ്യമായാണ് മുമ്പ് പ്രീക്വാർട്ടർ വരെ മാത്രമെത്തിയ രണ്ടു വനിതകൾ ഫൈനൽ കളിക്കുന്നതും. 2016 യു.എസ് ഓപൺ ഫൈനലിലും തോൽവി രുചിച്ചിരുന്ന 29കാരിയായ പ്ലിസ്കോവയുടെ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനൽ പരാജയമാണിത്.
ഞായറാഴ്ച നടക്കുന്ന പുരുഷ ഫൈനലിൽ ടോപ് സീഡ് സെർബിയയുടെ നൊവാക് ദ്യോകോവിച് ഏഴാം സീഡ് ഇറ്റലിയുടെ മാറ്റിയോ ബെരറ്റീനിയെ നേരിടും. 20ാം ഗ്രാൻഡ്സ്ലാം കിരീടവുമായി റോജർ ഫെഡറർക്കും റാഫേൽ നദാലിനും ഒപ്പമെത്താൻ വെമ്പുന്ന ദ്യോകോ സെമിയിൽ പത്താം സീഡ് കാനഡയുടെ ഡെന്നിസ് ഷപലോവിനെ നേരിട്ടുള്ള സെറ്റുകളിലാണ് (7-6, 7-5, 7-5) തോൽപിച്ചത്. കന്നി ഗ്രാൻഡ്സ്ലാം ട്രോഫി ലക്ഷ്യമിടുന്ന ബെരറ്റീനി 6-3, 6-0, 6-7, 6-4ന് 14ാം സീഡ് പോളണ്ടിെൻറ ഹ്യൂബർട്ട് ഹുർകാക്സിനെ കീഴടക്കിയാണ് ഫൈനലിൽ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.