ലണ്ടൻ: കാണികളുടെ മോശം പെരുമാറ്റത്തിൽ വികാരഭരിതനായി ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിച്. വിംബിൾഡണിൽ 21കാരനായ ഹോൾഗർ റൂണിനെതിരായ നാലാം റൗണ്ട് പോരാട്ടത്തിനിടെയായിരുന്നു സെർബിയക്കാരനെതിരെ ഒരുവിഭാഗം കാണികൾ നിലയുറപ്പിച്ചത്. കരിയറിലെ 60ാം ഗ്രാൻഡ്സ്ലാം ക്വാർട്ടർ ഫൈനലിൽ കടന്നതിന് പിന്നാലെ ദ്യോകോ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.
മത്സരത്തിൽ ഭൂരിഭാഗം കാണികളും ദ്യോകോക്കെതിരെ ‘റൂൺ’ ചാന്റുകളുമായി നിലയുറപ്പിച്ചത് താരത്തെ അലോസരപ്പെടുത്തിയിരുന്നു. 6-3, 6-4, 6-2 എന്ന സ്കോറിന് ജയിച്ചുകയറിയ ശേഷം കമന്റേറ്ററുമായി സംസാരിക്കുമ്പോൾ, കൂടുതൽ ശത്രുതാപരമായ അന്തരീക്ഷത്തിലാണ് താൻ കളിച്ചതെന്ന് താരം തുറന്നടിച്ചു. അനാദരിക്കാൻ ശ്രമിച്ച എല്ലാവർക്കും ‘ഗൂ...ഡ് നൈറ്റ്’ എന്നും ദ്യോകോ പ്രതികരിച്ചു.
‘ഒരു താരത്തെ അനാദരിക്കാൻ ശ്രമിച്ച എല്ലാവർക്കും ഗൂ...ഡ് നൈറ്റ്, ഗൂ...ഡ് നൈറ്റ്, ഗൂ...ഡ് നൈറ്റ്!. അവർ റൂണിനായി ആർത്തുവിളിക്കുന്നത് എനിക്ക് മനസ്സിലാകും. പക്ഷേ അത് നിന്ദിക്കാനുള്ള ഒരു ഒഴികഴിവ് കൂടിയാണ്. ഞാൻ 20 വർഷത്തിലേറെയായി കളത്തിലുണ്ട്. അതിനാൽ എനിക്ക് എല്ലാ തന്ത്രങ്ങളും അറിയാം. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എനിക്കറിയാം. ടെന്നിസ് ഇഷ്ടപ്പെടുകയും കളിക്കാരെയും അവർ ചെയ്യുന്ന പ്രയത്നത്തെയും അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ടിക്കറ്റെടുത്ത് വന്ന ആളുകളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടുതൽ ശത്രുതാപരമായ അന്തരീക്ഷത്തിലാണ് ഞാൻ കളിച്ചത്. എന്നെ വിശ്വസിക്കൂ സുഹൃത്തുക്കളേ, നിങ്ങൾക്ക് എന്നെ തൊടാൻ കഴിയില്ല’ -ദ്യോകോവിച് പ്രതികരിച്ചു.
വിംബിൾഡണിൽ 15ാം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ദ്യോകോവിച്ചിന്റെ അടുത്ത എതിരാളി ഒമ്പതാം സീഡ് അലക്സ് ഡി മിനോർ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.