തിരുവനന്തപുരം നഗരത്തിന്റെ കണ്ണായ ഭാഗമാണ് വാൻറോസ് ജംഗ്ഷൻ. അവിടെ 29 സെന്റിനുള്ളിൽ കേരളാ ഒളിമ്പിക് അസോസിയേഷന്റെ ഒരു ആസ്ഥാന മന്ദിരമുണ്ട്. ജി.വി. രാജയുടെ കാലത്ത് നന്നായി പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനം. പിന്നീടത് തിരുവനന്തപുരത്ത് മത്സരങ്ങൾ നടക്കുമ്പോൾ കായിക താരങ്ങൾക്ക് താമസിക്കാൻ ഉള്ള ഇടമായി. അതിനുശേഷം അധികാരത്തിൽ വന്ന കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ അതിന്റെ പ്രധാന ഭാഗം ഒരു പാർസൽ ട്രാൻസ്‌പോർട്ടു കമ്പനിക്ക് വാടകക്ക് കൊടുത്തു. ബാക്കിയുള്ളത് കാലാകാലങ്ങളിൽ മാറി വന്നിരുന്ന ഒളിമ്പിക് സമിതി അംഗങ്ങൾ അവരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു.
2007ൽ ഞാൻ സംസ്ഥാന സ്പോർട്സ് യുവജനകാര്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ആയി ചുമതല ഏറ്റടുത്ത സമയത്തായിരുന്നു അവിടെ പരിശീലിച്ചിരുന്ന ഫെൻസിങ്, ജിംനാസ്റ്റിക് ടീം അംഗങ്ങളും നാട്ടുകാരുമായി ചില പ്രശ്നങ്ങൾ ഉണ്ടാവുകയും മാധ്യമങ്ങൾ അതെക്കുറിച്ച് ശ്രദ്ധേയമായ വാർത്തകൾ നൽകിയതും. അതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ എന്നെയാണ് ചുമതലപ്പെടുത്തിയത്. എന്റെ ചെറുപ്പകാലത്ത് അതിമനോഹരമായ ഒരു കെട്ടിടമായിരുന്നു അത്. തുടർന്ന് അത് പരിശോധിക്കാൻ എത്തിയ എനിക്ക് വ്യഥയും വിഹ്വലതയും അടക്കാനായില്ല.
ഒരു പൊതുസ്ഥാപനം ഏതൊക്കെ രീതിയിൽ ദുരുപയോഗം ചെയ്യാമെന്നതിനുള്ള തെളിവായിരുന്നു പൊട്ടിപ്പൊളിഞ്ഞു നശിച്ചു കാടുകയറിയ കണ്ണായ ആ സ്ഥലം. ആദ്യം തന്നെ ചെറിയ രീതിയിൽ ഒരു നന്നാക്കൽ പണി അവിടെ നടത്തി. വാടകക്ക് കൊടുത്തിരിക്കുന്ന പാർസൽ സ്ഥാപനം കഴിയുന്നതും വേഗം അവിടുന്ന് മാറ്റണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിന് നിർദേശവും നൽകി. തുടർന്നാണ് ഞാൻ കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായി നിയമിതനായത്. അന്ന് പ്രസിഡന്റ് ടി.പി. ദാസനുമായി ആലോചിച്ചശേഷം ഒരു റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിച്ചു. സർക്കാരിന്റെ വകയായിട്ടുള്ള വാൻറോസ് ജംഗ്ഷനിലെ മുപ്പതോളം സെന്റ് സ്ഥലത്ത് ഒരു ബഹുനില സ്പോർട്സ് സമുച്ചയം പണിയണം. അതിൽ സംസ്ഥാന സ്പോർട്സ് യുവജനകാര്യ വകുപ്പുമായി ബന്ധമുള്ള സ്പോർട്സ് ഡയറക്റ്ററേറ്റ്, കേരള സ്പോർട്സ് കൗൺസിൽ, സംസ്ഥാന യുവജനക്ഷേമ ബോർഡ് എന്നിവ മാറ്റി സ്ഥാപിക്കണം. ഒരു ഭാഗം കായിക താരങ്ങൾക്കുള്ള ഹോസ്റ്റലുകളും മറ്റൊരു ഭാഗം പ്രമുഖ സ്പോർട്സ് സംഘടനകൾക്കുള്ള ആസ്ഥാനവുമാക്കാം. ഒപ്പം വ്യാപാര സമുച്ചയവും.
വിജയകുമാർ സ്പോർട്സ് മന്ത്രിയായ സമയത്ത് സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്ത സമയത്താണ് മന്ത്രിസഭ മാറുന്നതും കെ.ബി. ഗണേഷ് കുമാർ സ്പോർട്സ് വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നതും. ആദ്യമേ തന്നെ ഈ പദ്ധതിയെ കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും വേണ്ടതൊക്കെ താമസം കൂടാതെ നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. അന്ന് റവന്യു വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂരുമായി ഭൂമി വിട്ടുകിട്ടുന്നതിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. അന്നുതന്നെ അതിനെതിരെ പ്രവർത്തിച്ചത് അന്നത്തെ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും അതിന്റെ ജില്ലാ സെക്രട്ടറിയും ആയിരുന്നു. എന്നിട്ടും അത് ഏതാണ്ട് നടപ്പാകും എന്ന ഘട്ടം എത്തിയപ്പോഴാണ് ഗണേഷ് കുമാർ മന്ത്രി സ്ഥാനം ഒഴിയുന്നതും കാലാവധി കഴിഞ്ഞു ഞാൻ മടങ്ങിയതും. എന്നാൽ ആ ഫയലിന്റെ തുടർപ്രവർത്തനതിനുള്ള എല്ലാ നിർദേശവും നൽകിയിരുന്നു.
ഒടുവിൽ ഇ.പി. ജയരാജൻ വകുപ്പ് മന്ത്രിയായപ്പോൾ അതിനു തറക്കല്ലിടുകയും ഇപ്പോൾ തുടർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നത്. ഇതിനിടയിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് അവരുടെ സ്വന്തം ആസ്ഥാനം നിർമിച്ച് അങ്ങോട്ട് മാറുകയും ചെയ്തിട്ടുണ്ട്. പുതുതായി പണിയുന്ന സ്പോർട്സ് ആസ്ഥാനത്ത് എന്റെ നിർദ്ദേശം അനുസരിച്ചുള്ള സ്പോർട്സ് യുവജനകാര്യ ഡയറക്ടറേറ്റ്, സ്പോർട്സ് കൗൺസിൽ, കേരളാ ഒളിമ്പിക് അസോസിയേഷൻ, ഫുട്ബാൾ അടക്കമുള്ള പ്രമുഖ ഫെഡറേഷൻ ഓഫീസുകൾ എന്നിവ സ്ഥാപിക്കേണ്ടതാണ്. കായിക താരങ്ങൾക്കും പരിശീലകർക്കും താമസിക്കാനുള്ള ഭാഗവും ഒപ്പം സ്ഥിര വരുമാനത്തിനുള്ള ഒരു വ്യാപാര സമുച്ചയവും ഇവിടെ വേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.