ന്യൂഡൽഹി: ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന രാപകൽ സമരത്തിന് പിന്തുണയേറുന്നു.
17 ദിവസം പിന്നിട്ട രാപകൽ സമരത്തിന് പിന്തുണയുമായി പഞ്ചാബ്, ഹരിയാന, യു.പി സംസ്ഥാനങ്ങളിൽനിന്നും കർഷക മേഖലയിൽ നിന്നുമുള്ളവരാണ് കൂടുതലായി എത്തുന്നത്. ഞായറാഴ്ച സംയുക്ത കിസാൻ മോർച്ചയും വിവിധ കാപ് പഞ്ചായത്തുകളും ജന്തർമന്തറിലെത്തി കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സമരവേദിയിലേക്ക് ഒഴുക്ക് ആരംഭിച്ചത്.
റോഡുകൾ കെട്ടിയടച്ച പൊലീസ് ഒരാൾക്ക് വീതം കടന്നുപോകാനുള്ള സംവിധാനം മാത്രമായിരുന്നു അനുവദിച്ചത്. എന്നാൽ, ഭാരതീയ കിസാൻ യൂനിയന്റെ നേതൃത്വത്തിൽ ഇരമ്പിയെത്തിയ കർഷകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളെല്ലാം മറിച്ചിട്ടാണ് സമരവേദിയിലേക്ക് കടന്നത്.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ ഉൾപ്പെടെയുള്ള രണ്ടുപേരടങ്ങുന്ന പ്രതിനിധി സംഘം ജന്തര്‍ മന്തറിലെത്തി ഗുസ്തി താരങ്ങളുടെ ഉപദേശക സമിതിയുമായി കൂടിക്കാഴ്ച നടത്തി. തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ മാത്രമാണ് മുന്നോട്ട് വെച്ചതെന്ന് സാക്ഷി മലിക് അറിയിച്ചു.
ബ്രിജ് ഭൂഷണ് സിങ്ങിനെ മേയ് 21നുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് സംയുക്ത കിസാൻ മോർച്ചയും ഖാപ് പഞ്ചായത്ത് പ്രതിനിധികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.