ഉപഭോക്താക്കളുടെ പരാതികളും സംശയങ്ങളും പരിഹരിക്കാനും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും മനുഷ്യ ഇടപെടലില്ലാതെ നേരിട്ടു പ്രവർത്തിക്കുന്ന നിർമിത ബുദ്ധി (എ.ഐ) ജോലിക്കാരെ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. കസ്റ്റമർ സർവിസും സപ്ലൈ ചെയിൻ മാനേജ്മെന്റും മറ്റു പല ജോലികളും മനുഷ്യരെപ്പോലെയോ അതിനെക്കാൾ കാര്യക്ഷമമായോ നിർവഹിക്കാൻ കഴിയുന്ന ‘വെർച്വൽ ജോലിക്കാരെ’ മൈക്രോസോഫ്റ്റിൽ പോയി വാങ്ങിക്കൊണ്ടുവന്ന് നമ്മുടെ സ്ഥാപനത്തിൽ നിയമിക്കാം.
‘കോപൈലറ്റ് സ്റ്റുഡിയോ’ ബ്രാൻഡിലുള്ള ഈ എ.ഐ ബോട്ടുകൾ അടുത്തമാസം പൊതുവിപണിയിൽ ലഭ്യമാക്കും. നിലവിൽ ലോകപ്രശസ്ത കൺസൾട്ടൻസി സ്ഥാപനമായ മെക്കൻസി അടക്കമുള്ള ഏതാനും കമ്പനികൾ നിലവിൽ ഇത് പരീക്ഷിക്കുന്നുണ്ട്. പുതിയ കസ്റ്റമേഴ്സിനെ കണ്ടെത്തുന്നതുപോലുള്ള, പെട്ടെന്ന് മനസ്സ് മടുക്കുന്ന പല ജോലികളും മടുപ്പില്ലാതെ ചെയ്യാൻ ഈ ‘എ.ഐ ഭായി’മാർക്ക് കഴിയുമെന്നാണ് മൈക്രോസോഫ്റ്റിന്റെ അവകാശവാദം. ചെലവു കുറവും മികച്ച റിസൽട്ടും ആണ് വാഗ്ദാനം. എ.ഐ ഏജന്റ് സ്വതന്ത്രമായി ഒരു പർച്ചേസ് നടത്തിയ ‘ഡെമോ’യിൽ താൻ ഏറെ ആവേശഭരിതനാണെന്ന് ‘കോപൈലറ്റ് സ്റ്റുഡിയോ’ മേധാവി മുസ്തഫ സുലൈമാൻ പറഞ്ഞു.
ഈ എ.ഐ അവതാരങ്ങൾ മനുഷ്യരുടെ ജോലി കളയുമോ എന്ന ചോദ്യത്തിന്, ‘മടുപ്പുള്ള ജോലി എ.ഐ ചെയ്യട്ടെ, മനുഷ്യർ കൂടുതൽ സർഗാത്മക ജോലികളിലേക്ക് തിരിയട്ടെ’ എന്നാണ് കമ്പനിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.