‘ജെറ്റ്പാക്ക് സ്യൂട്ടി’ൽ പറക്കാൻ ഇന്ത്യൻ ആർമി; വികസിപ്പിച്ചത് ഒരു സ്റ്റാർട്ടപ്പ്

ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ ഏറോ ഇന്ത്യയിൽ പ്രദർശിപ്പിച്ച ഒരു ‘ജെറ്റ്പാക്ക് സ്യൂട്ട്’ അതിന്റെ പ്രത്യേകതയാൽ ഏറെ പേരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. മനുഷ്യനെ ചിറകുവിരിച്ച് പറക്കാൻ സഹായിക്കുന്ന സ്യൂട്ട് ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പാണ് നിർമിച്ചിരിക്കുന്നത്. എന്നാലിപ്പോൾ, ആ ജെറ്റ്പാക്ക് സ്യൂട്ട് ഇന്ത്യയുടെ സായുധ സേന പരീക്ഷിക്കാനൊരുങ്ങുകയാണ്.

പുതിയ സ്യൂട്ട് തങ്ങളെ പറക്കാനും ദുഷ്കരമായ ദൗത്യങ്ങൾ നിർവഹിക്കാനും പ്രാപ്തരാക്കുമെന്നാണ് സൈന്യം പ്രതീക്ഷിക്കുന്നത്. അതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ 48 ജെറ്റ് സ്യൂട്ടുകൾ വാങ്ങുന്നതിന് ഇന്ത്യൻ സായുധ സേന അഭ്യർത്ഥന (Request for Proposal (RFP)) സമർപ്പിച്ചുകഴിഞ്ഞു. ടെസ്റ്റ് വിജയിച്ചാൽ, സൈന്യം വലിയ തോതിൽ ജെറ്റ്പാക്ക് സ്യൂട്ടുകൾ വാങ്ങുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.


ജെറ്റ്പാക്ക് സ്യൂട്ട് - പ്രത്യേകതകൾ

ബെംഗളൂരു ആസ്ഥാനമായുള്ള അബ്‌സല്യൂട്ട് കോമ്പോസിറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ജെറ്റ്‌പാക്ക് സ്യൂട്ടിൽ, പിൻഭാഗത്തുള്ള ടർബോ എഞ്ചിൻ ഉൾപ്പെടെ അഞ്ച് എഞ്ചിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് കിലോഗ്രാം ഭാരമുള്ള സ്യൂട്ടിന് 80 കിലോഗ്രാം ഭാരമുള്ള സൈനികരെ പറത്താൻ കഴിയും. 10 മിനിറ്റ് കൊണ്ട് 10 കിലോമീറ്റർ വരെ പറക്കാനുള്ള ശേഷി ജെറ്റ്പാക്ക് സ്യൂട്ടിനുണ്ട്. സ്യൂട്ടിന് കൂടുതൽ ഇന്ധനക്ഷമത കൈവരിക്കുന്നതിനുള്ള ഗവേഷണം കമ്പനി തുടരുകയാണ്.

കടന്നുപോകാൻ കഴിയാത്തതും അപ്രാപ്യവുമായ ഇടങ്ങളിലെ സൈനിക പ്രവർത്തനങ്ങളിൽ ഇത് ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ, മണ്ണിടിച്ചിൽ, തീപിടുത്തം, കെട്ടിട തകർച്ച എന്നീ ദുരന്തങ്ങളിലും ഉപയോഗപ്രദമാകും. നദികളും തകർന്ന പാലങ്ങളുമൊക്കെ മുറിച്ചുകടക്കാനും സഹായകമാകും.

Tags:    
News Summary - Aero India 2023: Indian Army to test ‘jetpack suit’ developed by Bengaluru startup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.