ലണ്ടൻ: മെച്ചപ്പെട്ട ശമ്പളവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ആമസോൺ വെയർഹൗസ് തൊഴിലാളികൾ ബുധനാഴ്ച ബ്രിട്ടനിൽ ആദ്യമായി പണിമുടക്കി. കുതിച്ചുയരുന്ന ജീവിതച്ചെലവ് കാരണം നഴ്സുമാരടക്കം പണിമുടക്കിയതിനു പിന്നാലെയാണ് മറ്റൊരു വിഭാഗം തൊഴിലാളികൾ കൂടി സമരരംഗത്തിറങ്ങുന്നത്.
ലണ്ടനിൽനിന്ന് 160 കിലോമീറ്റർ വടക്കു പടിഞ്ഞാറ് ബിർമിങ്ഹാമിനു സമീപമുള്ള കവൻട്രിയിലെ ആമസോൺ കേന്ദ്രത്തിലെ തൊഴിലാളികളാണ് പണിമുടക്കിയത്. ഈ മാസം 18,000 പേരുടെ പിരിച്ചുവിടലാണ് ആമസോൺ പ്രഖ്യാപിച്ചത്.മാന്യമായ വേതനവും അൽഗോരിതം സൃഷ്ടിക്കുന്ന ടാർഗറ്റ് ജോലിക്ക് അധിക സമ്മർദത്തിനിടയാക്കുന്നത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളി സമരം. ഒരു മണിക്കൂറിന് 50 പെൻസാണ് കമ്പനി അധികം വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ഇത് പോരെന്നാണ് തൊഴിലാളി സംഘടനയായ ജി.എം.ബി യൂനിയൻ നിലപാട്.
ഉയർന്ന ഭക്ഷണ, ഊർജ വിലകൾ കാരണം നഴ്സുമാർ, ആംബുലൻസ് തൊഴിലാളികൾ, ട്രെയിൻ ഡ്രൈവർമാർ, അതിർത്തി ജീവനക്കാർ, ഡ്രൈവിങ് ഇൻസ്ട്രക്ടർമാർ, ബസ് ഡ്രൈവർമാർ, അധ്യാപകർ, തപാൽ ജീവനക്കാർ എന്നിവർ ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ പണിമുടക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.