നിങ്ങൾ ബിൽ ഗേറ്റ്സിന്റെ ക്ലാസ്‌മേറ്റാണോ..? മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് താഴെ ഇതുപോലുള്ള കമന്റുകൾ നിറയുകയാണ്. നിലവിൽ ഇന്ത്യാ സന്ദർശനത്തിലുള്ള മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ചൊവ്വാഴ്ച ആനന്ദ് മഹീന്ദ്രയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ഗേറ്റ്സ് തന്റെ പുസ്തകത്തിന്റെ ഒരു പകർപ്പ് ഓട്ടോഗ്രാഫടക്കം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. ‘ടു ആനന്ദ്, എന്റെ സഹപാഠിക്ക് ആശംസകൾ - ബിൽ ഗേറ്റ്സ്’. - ഇങ്ങനെയായിരുന്നു പുസ്തകത്തിൽ ഗേറ്റ്സ് കുറിച്ചത്.
ഈ വിശേഷം ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. ‘‘ബിൽ ഗേറ്റ്സിനെ വീണ്ടും കണ്ടതിൽ സന്തോഷം. ‘‘ഒപ്പം, ഏറ്റവും ഉന്മേഷ പകർന്നത്, ഞങ്ങളുടെ ടീമും അദ്ദേഹവുമായുള്ള മുഴുവൻ സംഭാഷണവും ഐ.ടിയെക്കുറിച്ചോ ഏതെങ്കിലും ബിസിനസ്സിനെക്കുറിച്ചോ ആയിരുന്നില്ല, മറിച്ച് സാമൂഹിക സ്വാധീനം വർദ്ധിപ്പിക്കുന്നതിന് എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ചായിരുന്നു’’. (എങ്കിലും എനിക്ക് ചില്ലറ ലാഭമായ ഒരു കാര്യവും നടന്നു..! ഓട്ടോഗ്രാഫടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ഒരു ഫ്രീ, കോപ്പി എനിക്ക് ലഭിച്ചു) - ചിത്രങ്ങളടക്കം പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
എന്നാൽ, നെറ്റിസൺസിന് കൗതുകമായത് ബിൽ ഗേറ്റ്സിന്റെ ഓട്ടോഗ്രാഫിലെ ‘ക്ലാസ്‌മേറ്റ്’ എന്ന പ്രയോഗമായിരുന്നു. ആനന്ദ് മഹീന്ദ്രയും ബിൽ ഗേറ്റ്സും സഹപാഠികളാണോ..? എന്നായിരുന്നു അവരുടെ സംശയം. അത് സത്യമാണ്.. കാരണം മഹീന്ദ്ര തലവൻ തന്നെ നേരത്തെ അതിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ബിൽ ഗേറ്റ്സും ആനന്ദ് മഹീന്ദ്രയും 1973ൽ ഹാർവാർഡ് കോളജിൽ ഒരുമിച്ചുണ്ടായിരുന്നു. എന്നാൽ, കുറച്ചു നാളുകൾക്കകം ഗേറ്റ്സ് പഠനം ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.