അമേരിക്കൻ ടെക് ഭീമൻമാരായ ആപ്പിളും ഫേസ്ബുക്കും തമ്മിലുള്ള സൗന്ദര്യപ്പിണക്കം തുടങ്ങിയിട്ട് ഏറെ കാലമായി. ആപ്പിൾ അവരുടെ ഐഫോൺ ഒാപറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസ് 14.5ൽ ആപ്പ് ട്രാക്കിങ് ട്രാൻസ്പരൻസ് (എ.ടി.ടി) അവതരിപ്പിക്കാൻ പോവുകയാണ് എന്ന് പ്രഖ്യാപിച്ചത് മുതലാണ് ഫേസ്ബുക്കുമായുള്ള അവരുടെ ശീതയുദ്ധം ആരംഭിക്കുന്നത്. ഇനി പുതിയ അപ്ഡേറ്റിലൂടെ ആപ്പിൾ കൊണ്ടുവന്ന എ.ടി.ടി എന്താണെന്ന് വ്യക്തമാക്കാം. ഐഒഎസില്‍ ഇനി മറ്റ് ആപ്പുകള്‍ ട്രാക്കിങ് നടത്തണമെങ്കില്‍ ഉപയോക്താക്കളുടെ അനുമതി വാങ്ങണമെന്ന പുതിയ നിയമമാണ് ആപ്പിൾ നടപ്പിലാക്കിയിരിക്കുന്നത്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യൂസർമാരുടെ സമ്മതമില്ലാതെ അവർ ഉപയോഗിക്കുന്ന മറ്റ് ആപ്പുകളിൽ നിന്നും സന്ദർശിക്കുന്ന വെബ് സൈറ്റുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ആപ്പിൾ ലോക്കിടുന്നത്.
അതോടെ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും സുക്കർബർഗിനും ഇരിപ്പുറക്കാത്ത അവസ്ഥയായി. കാരണം, എ.ടി.ടി നടപ്പിലാക്കിയാൽ അത് ഫേസ്ബുക്കിനെയും അവരുടെ മറ്റ് ആപ്പുകളെയും ഒപ്പം ഗൂഗ്ളിനെയും വലിയ രീതിയിൽ ബാധിക്കും. മുകളിൽ വ്യക്തമാക്കിയ ആപ്പ് ട്രാക്കിങ്ങിലൂടെയാണ് അവർ ഒാരോ യൂസർമാരും അവരുടെ സ്മാർട്ട്ഫോണിൽ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിച്ച് അവർക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ (personalised ads) നൽകുന്നത്. അതിലൂടെയാണ് ഇത്തരം സമൂഹ മാധ്യമങ്ങൾ വലിയ വരുമാനമുണ്ടാക്കുന്നതും. ആപ്പിൾ ഐ.ഒ.എസ് 14.5 -ലേക്ക് അപ്ഡേറ്റ് ചെയ്ത ഐഫോൺ യൂസർമാർക്ക് പോപ് അപ് നോട്ടിഫിക്കേഷൻ നൽകിയാണ് 'ഫേസ്ബുക്കിനെ നിങ്ങൾ മറ്റ് കമ്പനികളുടെ ആപ്പുകളും വെബ് സൈറ്റുകളും ട്രാക് ചെയ്യാൻ അനുവദിക്കുന്നുണ്ടോ' എന്ന് ചോദിക്കുന്നത്.
ആരായാലും അത് കണ്ടാൽ ഒന്ന് വിറക്കും. ശേഷം 'ട്രാക് ചെയ്യേണ്ട' എന്ന ഒാപ്ഷനിൽ ക്ലിക്ക് ചെയ്ത് ആശ്വാസം കൊള്ളുകയും ചെയ്യും. പകുതിയിലധികം ഐ.ഒ.എസ് 14.5 ഉപയോക്താക്കളും ആപ്പിൾ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, ഫേസ്ബുക്കിന് അത് വലിയ തലവേദനായി മാറി. അവർ അമേരിക്കയിലെ എല്ലാ പ്രമുഖ പത്രങ്ങളിലും കോടികൾ മുടക്കി മുഴുവൻ പേജ് പരസ്യങ്ങൾ നൽകി തങ്ങളുടെ ഭാഗം വിശദീകരിക്കുക പോലും ചെയ്തു.
ഐ.ഒ.എസ് 14.5 എല്ലാ യൂസർമാരിലേക്കും എത്തിയതോടെ ആപ്പിൾ നൽകിയത് പോലെ ഫേസ്ബുക്കും പുതിയ 'പോപ് അപ് നോട്ടിഫിക്കേഷനു'മായി എത്തി. ഇത്തവണ ഒരു ഭീഷണി തന്നെയാണ് കമ്പനി മുന്നോട്ടുവെച്ചിരിക്കുന്നത്. അതും യൂസർമാർക്കുള്ള ഭീഷണി തന്നെ. തങ്ങൾക്ക് ആപ് ട്രാക്കിങ് ചെയ്യാൻ അനുമതി നൽകണമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. തങ്ങളുടെ സേവനങ്ങൾ സൗജന്യമായി തുടർന്നും നിലനിർത്തണമെങ്കിൽ അനുമതി നൽകിയേ മതിയാകൂ എന്നും ഐ.ഒ.എസ് യൂസർമാർക്ക് അവർ മുന്നറിയിപ്പ് നൽകുന്നു. "Help keep Facebook/Instagram free of charge" എന്ന് വെണ്ടക്ക അക്ഷരത്തിൽ അവർ സന്ദേശത്തിൽ ചേർത്തിട്ടുമുണ്ട്.
And it begins. @Facebook / @Instagram explore additional scare tactics to combat @Apple iOS14 #ATT privacy changes.
— ashkan soltani (@ashk4n) April 30, 2021
"Help keep Facebook free of charge" pic.twitter.com/mOB9WJpz9A
അതോടെ സമൂഹ മാധ്യമങ്ങളിൽ സ്ക്രീൻഷോട്ടുകളുമായി നെറ്റിസൺസ് ഒത്തുകൂടി. ഭാവിയിൽ ഫേസ്ബുക്കും അവരുടെ മറ്റ് ആപ്പുകളും ഉപയോഗിക്കാൻ പണമീടാക്കിയേക്കും എന്ന സൂചനയാണ് ടെക് ഭീമൻ നൽകുന്നതെന്നായി അവരുടെ ആരോപണങ്ങൾ. എന്നാൽ, ആപ് ട്രാക്കിങ് അനുവദിക്കാനായി യൂസർമാരെ ഒന്ന് പേടിപ്പിക്കുകയാണ് ഫേസ്ബുക്കെന്ന് മറ്റ് ചിലർ കമൻറ് ചെയ്തു. എന്തായാലും ആപ്പിളിെൻറയും ഫേസ്ബുക്കിെൻറയും യുദ്ധത്തിൽ അങ്കലാപ്പിലായിരിക്കുന്നത് യൂസർമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.