വിസ്ട്രണുമായുള്ള പുതിയ കരാറുകൾ ആപ്പിൾ തടഞ്ഞു

ബംഗളൂരു: തങ്ങളുടെ കരാർ കമ്പനിയായ വിസ്ട്രണിന്‍റെ പുതിയ ബിസിനസുകൾ തടഞ്ഞ് ആപ്പിൾ. കോലാർ പ്ലാൻറിലെ തൊഴിലാളി വിരുദ്ധ നടപടിയിൽ തിരുത്തൽ പൂർത്തിയാവുന്നതുവരെ പുതിയ കരാറുകളിൽ ഏർപ്പെടേണ്ടതില്ലെന്നാണ് ആപ്പിൾ മാനേജ്മെന്‍റിന്‍റെ തീരുമാനം. ആപ്പിളിന്‍റെ ജീവനക്കാർ നേരിട്ടും സ്വതന്ത്ര ഒാഡിറ്റർമാർ മുഖേനയും വിസ്ട്രണിെൻറ പ്രവർത്തനങ്ങൾ ആപ്പിൾ മാനേജ്മെന്‍റ് നിരീക്ഷിക്കും. എല്ലാ തൊഴിലാളികളെയും അന്തസ്സോടെയും ആദരവോടെയും പരിഗണിക്കുകയും എല്ലാവർക്കും ശരിയായ നഷ്ടപരിഹാരം ലഭ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആപ്പിൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

വിസ്ട്രണിന്‍റെ കോലാർ നരസിപുര വ്യവസായ മേഖലയിലെ പ്ലാന്‍റിൽ ഡിസംബർ 12ന് പുലർച്ചെ മൂന്നിന് ജീവനക്കാരുടെ പ്രതിഷേധം അക്രമത്തിൽ കലാശിച്ചതിന് പിന്നാലെ സംഭവത്തെ കുറിച്ച് ആപ്പിൾ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മാസങ്ങളായി ശമ്പളം മുടങ്ങിയതും അധിക സമയത്തെ ജോലിക്ക് വേതനം അനുവദിക്കാതിരുന്നതുമാണ് ജീവനക്കാരെ പ്രകോപിച്ചതെന്ന് ചൂണ്ടിക്കാട്ടിയ തൊഴിലാളി സംഘടനകൾ വിസ്ട്രണിന്‍റെ തൊഴിലാളി ചൂഷണത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അക്രമത്തിൽ 453 കോടിയുടെ നഷ്ടമുണ്ടായെന്ന് ആദ്യം പൊലീസിൽ പരാതി നൽകിയ വിസ്ട്രൺ മാനേജ്മെന്‍റ് പിന്നീട് തങ്ങളുടെ നഷ്ടം 43 കോടി മാത്രമാണെന്ന് തിരുത്തി.

ഇന്ത്യയിൽ വിസ്ട്രണെ കൂടാതെ ഫോക്സ്കോൺ, പെഗാട്രൺ എന്നിവയാണ് ആപ്പിൾ കമ്പനിയുടെ ഉൽപന്നങ്ങളുടെ പ്രധാന വിതരണക്കാർ. വിസ്ട്രണിന്‍റെ ബംഗളൂരു പീനിയയിലെ പ്ലാന്‍റിൽ െഎഫോൺ സെവനും കോലാറിലെ പ്ലാന്‍റിൽ െഎഫോൺ എസ്.ഇയുമാണ് പുറത്തിറക്കുന്നത്. തങ്ങളുടെ വിതരണ കമ്പനികൾ പെരുമാറ്റചട്ടം പാലിക്കുന്നുണ്ടോ എന്നത് പരിശോധിക്കാറുള്ള ആപ്പിൾ കമ്പനി തൊഴിൽ നിയമലംഘനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ പെഗാട്രണുമായുള്ള പുതിയ ബിസിനസുകൾ റദ്ദാക്കിയിരുന്നു.

വിതരണ കമ്പനികളുടെ പ്രവർത്തനം വിലയിരുത്താൻ കഴിഞ്ഞ വർഷം 52,000 ജീവനക്കാരിൽ നിന്ന് ആപ്പിൾ കമ്പനി വിവരം തേടിയിരുന്നു. കർണാടക സർക്കാർ കോലാറിൽ അനുവദിച്ച 43 ഏക്കറിൽ പ്രവർത്തിക്കുന്ന വിസ്ട്രൺ കോർപിെൻറ പ്ലാന്‍റിൽ ആപ്പിളിന്‍റെ െഎഫോൺ എസ്ഇ, െഎ.ഒ.ടി ഉൽപന്നങ്ങൾ, ബയോടെക് ഉൽപന്നങ്ങൾ എന്നിവയാണ് നിർമിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.