ടി.വി അവതാരകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നതോടെ നിരവധി അന്തർനാടകങ്ങൾക്കാണ് ചുരുളഴിയുന്നത്. ബി.ജെ.പിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും അർണബിന്‍റെ വ്യക്തിബന്ധങ്ങളും ചാറ്റുകളിൽ വ്യക്തമാണ്. തന്‍റെ ചാനലിന്‍റെ റേറ്റിങ് വർധിപ്പിക്കാനായാൽ പ്രധാമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സഹായം ലഭ്യമാക്കാമെന്നാണ് അർണബ് ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയോട് പറയുന്നത്.
അങ്ങിനെയെങ്കിൽ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സ്ഥാനം തനിക്ക് വാങ്ങിനൽകണമെന്ന് പാർത്തോ ദാസ് ആവശ്യപ്പെടുന്നു. രാജ്യത്തെ മറ്റ് ടെലിവിഷൻ അവതാരകരെകുറിച്ചും മോശം അഭിപ്രായമാണ് അർണബ് പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ചും ബി.ജെ.പി അനുഭാവികളായ അവതാരകരായ രജത് ശർമ, നവികകുമാർ തുടങ്ങിയവരെ സംബന്ധിച്ച് മോശം പദപ്രയോഗങ്ങളും അർണബ് നടത്തുന്നുണ്ട്. രജത് ശർമ മണ്ടനും ചതിയനുമാണെന്നാണ് അർണബ് പറയുന്നത്. വനിതാ അവതാരകയായ നവിക കുമാറിനെ 'കച്ചറ' എന്നും വിശേഷിപ്പിക്കുന്നു.
കേന്ദ്രമന്ത്രി പ്രകാശ്ജാവദേക്കറിനെ കാണാൻ താൻ പോകുന്നുണ്ടെന്ന് അർണബ് പാർത്തോദാസിനോട് പറയുേമ്പാൾ ജാവദേക്കർ ഒരു ഉപയോഗശൂന്യനാണെന്നാണ് പാർത്തോദാസ് പറയുന്നത്. ചാറ്റുകളിൽ ആവർത്തിച്ചുവരുന്ന 'എ.എസ്' അമിത്ഷായാണോ എന്ന സംശയവും സോഷ്യൽമീഡിയയിൽ നിരവധിപേർ ഉയർത്തിയിട്ടുണ്ട്. ചാറ്റുകളുടെ സ്ക്രീൻഷോട്ട് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷൻ ട്വിറ്ററിൽ പങ്കുവച്ചു.
'ബാർക്ക് സിഇഒയും അർണബ് ഗോസ്വാമിയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളാണിത്. നിരവധി ഗൂഢാലോചനകളും സർക്കാർ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റവും ഇതിൽ കാണാം. ഒരു പവർ ബ്രോക്കർ എന്ന നിലയിൽ തന്‍റെ മാധ്യമത്തെ അർണബ് മോശമായി ദുരുപയോഗം ചെയ്യുന്നു. രാജ്യത്തിന്‍റെ ഏത് നിയമവ്യവസ്ഥപ്രകാരവും ഇയാൾ ഏറെക്കാലം ജയിലിൽ കിടക്കേണ്ടിവരും'-പ്രശാന്ത്ഭൂഷൻ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.