ന്യൂഡൽഹി: വിമാന സർവിസുകൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണികൾ തുടരുന്നതിനിടെ സമൂഹമാധ്യമമായ എക്സിന് മുന്നറിയിപ്പുമായി സർക്കാർ. വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും കേന്ദ്ര ഐ.ടി മന്ത്രാലയം മുന്നറിയിപ്പ് നല്കി. വിമാനങ്ങൾക്കെതിരെ ഭീഷണിയുയർത്തിയ സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിശദാംശങ്ങൾക്കായി പൊലീസ് നട്ടം തിരിയുന്നതിനിടെയാണ് സർക്കാറിന്റെ വിമർശനം.
ജോയൻറ് സെക്രട്ടറി സങ്കേത് എസ്. ഭോണ്ട്വെയുടെ അധ്യക്ഷതയിൽ വിഷയം ചർച്ചചെയ്യാൻ ചൊവ്വാഴ്ച വൈകീട്ട് ഓൺലൈൻ യോഗം ചേർന്നിരുന്നു. സമൂഹ മാധ്യമങ്ങളായ എക്സ്, മെറ്റ എന്നിവയുടെ പ്രതിനിധികൾക്കൊപ്പം എയർ ഇന്ത്യയുടെയും വിസ്താരയുടെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഐ.ടി മന്ത്രാലയം എക്സിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.
തിങ്കളാഴ്ച മുതൽ 11 എക്സ് ഹാൻഡിലുകൾ സുരക്ഷ ഏജൻസികൾ തടയുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ‘ബോംബുകൾ’, ‘എല്ലായിടത്തും രക്തം പടരും’ എന്നിങ്ങനെ വ്യാജ ഭീഷണികളിൽ ഉപയോഗിക്കുന്ന പൊതുവായ പദപ്രയോഗങ്ങൾ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുകയാണ് നിലവിൽ ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു.
ന്യൂഡൽഹി: ഒമ്പത് ദിവസത്തിനിടെ വ്യാജ ബോംബ് ഭീഷണിയിൽ കുരുങ്ങി വിമാന കമ്പനികൾക്ക് 600 കോടിയിലധികം നഷ്ടമുണ്ടായതായി കണക്കുകൾ. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രാജ്യത്തെ 200ഓളം വിമാന സർവിസുകളെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ബാധിച്ചത്. നിരവധി വിമാന സർവിസുകൾ വഴിതിരിച്ചുവിടുകയും ഷെഡ്യൂളുകളെ ബാധിക്കുകയും ചെയ്തതോടെയാണ് കമ്പനികൾക്ക് കനത്ത നഷ്ടമുണ്ടായത്.
ന്യൂഡൽഹി: ഭേദഗതികൾ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റിയുടെ (ബി.ടി.എ.സി) പ്രോട്ടോകോളുകൾ നടപ്പിലാക്കിത്തുടങ്ങി. രാജ്യത്തെ വിവിധ വിമാനങ്ങൾക്ക് തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതിന്റെ വെളിച്ചത്തിലാണ് പ്രോട്ടോകോളിൽ ബി.ടി.എ.സി മാറ്റം വരുത്തിയത്.
ഭീഷണികള്‍ ഉറപ്പാക്കാതെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കുകയോ വഴിതിരിച്ചുവിടുകയോ ഇല്ല. ആശങ്ക പരത്തുക മാത്രമാണ് സൈബര്‍ കുറ്റവാളികളുടെ ലക്ഷ്യമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.