തൊടുപുഴ: കൗതുകവും രസകരങ്ങളുമായ കണ്ടുപിടിത്തങ്ങൾകൊണ്ട് വ്യത്യസ്തനാണ് വഴിത്തല സ്വദേശിയായ ബിജു നാരായണൻ. എട്ടാം ക്ലാസിൽ പഠിക്കുമ്പാൾ റേഡിയോ നിർമിച്ചുനൽകി കൂട്ടുകാരനെ ഞെട്ടിച്ചായിരുന്നു കണ്ടുപിടിത്തങ്ങളുടെയും വേറിട്ട നിർമിതികളുടെയും ലോകത്തേക്ക് കടന്നത്. 52ാം വയസ്സിലും ആ കണ്ടുപിടിത്തങ്ങൾക്ക് പിന്നാലെ തന്നെയാണ് ജീവിതം. പി.ഡി.സി വരെ പഠിച്ചിട്ടുള്ള ബിജു ഇപ്പോൾ സ്വന്തമായി 20ഓളം വേറിട്ട കണ്ടുപിടിത്തങ്ങളാണ് നടത്തിയിട്ടുള്ളത്. നിത്യജീവിതവുമായി ബന്ധപ്പെട്ട് ഏറെ ഉപകാരപ്രദമാകുന്നതാണ് ഇവയൊക്കെയെന്നതാണ് പ്രത്യേകത.
വാഹനമോടുമ്പോൾ ബാറ്ററി ചാർജാകുന്നത് അറിയാൻ കഴിയുന്ന പവർ ഐഡി സംവിധാനം 2005ൽ നിർമിച്ചു. ഇതിന് കേരള സ്റ്റാർട്ടപ് മിഷെൻറ രണ്ടുലക്ഷം രൂപയും ലഭിച്ചു. കാറിലും മറ്റും ഘടിപ്പിക്കാൻ കഴിയുന്ന ബ്ലാക്ക് ബോക്സാണ് മറ്റൊന്ന്. വാഹനം ഓടുമ്പോഴുള്ള മെക്കാനിക്കൽ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെല്ലാം വിമാനത്തിലെ ബ്ലാക്ക് ബോക്സ് പ്രവർത്തിക്കുന്നതുപോലെ റെക്കോഡ് ചെയ്യപ്പെടും.
ഡ്രൈവർ ഉറക്കം തൂങ്ങിയാലോ ശ്രദ്ധമാറിയാലോ അലർട്ട് നൽകുന്ന ഓട്ടോമാറ്റിക് ഡ്രൈവിങ് കെയർ സിസ്റ്റമാണ് അടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയാൽ വാഹനം താനെ നിൽക്കുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. തേങ്ങ പൊതിക്കുന്ന മെഷീനുമുണ്ട് ഈ ശ്രേണിയിൽ. തേങ്ങയുടെ വെള്ളം ശേഖരിക്കാനും കഴിയുന്ന യന്ത്രത്തിന് നാഷനൽ ഇന്നോവേഷൻ ഫൗണ്ടേഷെൻറ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. 2006ൽ സൂപ്പർ മിക്‌സി അവതരിപ്പിച്ച് ബിജു ഗ്രാമീണ ഗവേഷക സംഗമത്തിൽ ഒരുലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടി.
സ്വന്തമായി നിർമിച്ച മിക്‌സി വൈദ്യുതി പോലുമില്ലാതെ ചെയ്യുന്ന ജോലികൾ കണ്ടുനിൽക്കുന്നവർക്കും അത്ഭുതമാണ്. കൂടാതെ മിക്സിയിൽ സ്‌മോക് ഡിറ്റക്ടർ സംവിധാനമുള്ളതിനാൽ അടുക്കളയിൽ തീപടർന്നാലോ പാചകവാതകം ചോർന്നാലോ അപായ സൈറണും മുഴങ്ങും. വാക്വം ക്ലീനറോ ബ്ലോവറോ ആക്കി മാറ്റാനാകും. ഫാസ്റ്റ് മൊബൈൽ ചാർജറും വൈഫൈ സൗകര്യവുമുണ്ട്. ഇതിലുള്ള റേഡിയോയിലൂടെ അടുക്കള ജോലിക്കിടെ പാട്ടും വാർത്തയുമെല്ലാം കേൾക്കാം. ഇത്രയും സംവിധാനങ്ങളുണ്ടെങ്കിലും ഇതിന് സാധാരണ മിക്സിയുടെ വലുപ്പമേയുള്ളൂ. വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ചെടുക്കാൻ 5000 രൂപയിൽ താഴെ മാത്രമാണ് ചെലവു വരുന്നതെന്ന് ബിജു പറയുന്നു. കണ്ടുപിടിത്തങ്ങൾക്കെല്ലാം സാമ്പത്തിക ബുദ്ധിമുട്ട് കാരണം പേറ്റന്റ് എടുക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ കണ്ടുപിടിത്തങ്ങളുമായി വലിയ പ്രതീക്ഷയോടെ അധികൃതരെ സമീപിക്കാറുണ്ടെങ്കിലും പലപ്പോഴും നിരാശയാണ്. പിന്തുണയുമായി ഭാര്യ ഉഷയും വിദ്യാർഥികളായ മക്കൾ അരവിന്ദും അശ്വതിയും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.