ദിനോസറുകളെ വളർത്തുന്ന ഒരു പാലക്കാടൻ ഗ്രാമം, അവിടെ മനുഷ്യരോടൊപ്പം വസിക്കുന്ന ദിനോസറുകൾ, കുട്ടികൾക്കൊപ്പം കളിച്ചുല്ലസിക്കുന്ന ദിനോക്കുഞ്ഞുങ്ങൾ, ദിനോസർ മുട്ടകൾ വിൽക്കുന്ന കടകൾ, ദിനോസറുകളെ വളർത്തി വിൽക്കുന്ന കർഷകർ -ആഹാ എന്തു രസമല്ലേ. സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന ഒരു ഗ്രാഫിക് വിഡിയോയുടെ ഉള്ളടക്കമാണിത്. 'സ്റ്റോറി ടെല്ലേഴ്സ് യൂണിയൻ' എന്ന ബ്രോഡ്കാസ്റ്റിങ് ആൻഡ് മീഡിയ പ്രൊഡക്ഷൻ കമ്പനിയാണ് കൗതുകകരമായ ഈയൊരു വിഡിയോ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയാറാക്കിയത്.
'ഇത് പാലക്കാട് ജില്ലയിലെ ദിനോമുക്ക്. ഇവിടുത്തെ പ്രധാന കൃഷി ദിനോസറുകളാണ്. മനുഷ്യർ ആദ്യമായി മെരുക്കിയെടുത്ത ജീവികളിലൊന്നാണ് ദിനോസറുകൾ. പൊതുവേ ശാന്തശീലരായ ദിനോസറുകളെ മുട്ടക്കായും മാംസത്തിനുമായാണ് ഉപയോഗിച്ചുപോരുന്നത്' -ഇങ്ങനെ തുടങ്ങുന്നു ദിനോമുക്ക് വിഡിയോ. സ്റ്റോറി ടെല്ലേഴ്സ് യൂണിയന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് ഇങ്ങനെയൊരു വിഡിയോ ഇറക്കിയത്.
വ്യത്യസ്തമായി എന്തുചെയ്യാമെന്ന് കൂട്ടായി ആലോചിച്ചപ്പോഴാണ് ഇങ്ങനെയൊരു ആശയം വന്നതെന്ന് വിഡിയോയുടെ പിന്നിൽ പ്രവർത്തിച്ചവർ പറയുന്നു. സാധാരണ ഫേസ്ബുക് പോസ്റ്റുകൾക്ക് കീഴെ 'ഡ്രാഗൺ കുഞ്ഞുങ്ങൾ വിൽപ്പനക്ക്, ദിനോസർ മുട്ടകൾ വിൽപ്പനക്ക്' എന്നിങ്ങനെ കമന്‍റുകൾ കാണാറുണ്ട്. അതിൽ നിന്നുകൊണ്ട് ആലോചിച്ചപ്പോഴാണ് ഈയൊരു ആശയം വന്നത്. അത് വികസിപ്പിച്ച് ദൂരദർശനിലും മറ്റും കാണുന്ന കാർഷിക ഡോക്യുമെന്‍ററികളുടെ രൂപത്തിലേക്ക് മാറ്റി -സ്റ്റോറി ടെല്ലേഴ്സ് യൂണിയന്‍റെ ആളുകൾ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ വൻ പ്രതികരണമാണ് വിഡിയോക്ക് ലഭിച്ചത്. പലരും വിഡിയോ കണ്ട് സ്റ്റോറി ടെല്ലേഴ്സ് യൂണിയനെ ബന്ധപ്പെടുന്നുണ്ടെന്നും ഇവർ പറയുന്നു. പാലക്കാട് എവിടെയാണ് ഈ മുക്ക് എന്ന് ചോദിച്ച് വിളിച്ചവരുമുണ്ടെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.