അബൂദബി: സർക്കാറിന്റെ മുഴുവൻ ഡിജിറ്റൽ സേവനങ്ങളും നിർമിത ബുദ്ധി (എ.ഐ) പിന്തുണയിൽ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ സര്‍ക്കാരാവാൻ ഒരുങ്ങി അബൂദബി. ‘അബൂദബി ഗവൺമെന്റ് ഡിജിറ്റൽ സ്ട്രാറ്റജി 2025-2027’ എന്ന പേരിൽ പുതിയ നയം പ്രഖ്യാപിച്ചു. ഡിജിറ്റൽ സേവന രംഗത്ത് എ.ഐയുടെ പങ്ക് വർധിപ്പിക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യകളും നവീന ആശയങ്ങളും സ്വായത്തമാക്കുന്നതിനായി 13,00 കോടി ദിർഹം നിക്ഷേപിക്കും. ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനം വികസിപ്പിക്കുന്നതിനാണ് ഈ നിക്ഷേപം. ഇതിനായി അബൂദബിയും മൈക്രോസോഫ്റ്റും ജി42ന്റെ ഉപകമ്പനിയായ കോര്‍ 42ഉം തമ്മിൽ കരാര്‍ ഒപ്പുവെച്ചു.
2027ഓടെ സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും എ.ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന ഡിജിറ്റൽ സംവിധാനമാക്കി മാറ്റുകയെന്ന പദ്ധതി പ്രാവര്‍ത്തികമാക്കുകയാണ് കരാറിന്റെ ലക്ഷ്യം. സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെ 100 ശതമാനം സ്വീകാര്യത കൈവരിക്കുക, 100 ശതമാനം നടപടികളും ഡിജിറ്റലൈസ് ചെയ്യുക, ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുക തുടങ്ങിയവയാണ് പുതിയ നയം മുന്നോട്ടുവെക്കുന്നത്. എല്ലാ പദ്ധതികൾക്കും എ.ഐ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിനായി എ.ഐ ആപ്ലിക്കേഷനുകളിൽ പൗരൻമാർക്ക് പരിശീലനം നൽകുന്നതിനും ശാക്തീകരിക്കുന്നതിനും അബൂദബി സർക്കാർ നിക്ഷേപം നടത്തും. കൂടാതെ മുഴുവൻ സർക്കാർ സേവനങ്ങളിലുടനീളം 200ലധികം നൂതനമായ എ.ഐ പരിഹാര മാർഗങ്ങൾ വികസിപ്പിക്കും. ഗവണ്മെന്റ് എനേബിള്‍മെന്റ് വകുപ്പ് ചെയര്മാന് അഹമ്മദ് തമീം അല്‍ കുത്തബ്, മൈക്രോസോഫ്റ്റ് ചെയര്‍മാനും സി.ഇ.ഒയുമായ സത്യ നദെല്ല, ജി42 ഗ്രൂപ്പ് സി.ഇ.ഒ പെങ് സിയാവോ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.
അബൂദബി ഉപ ഭരണാധികാരിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് അഡ്വാന്‍സ്ഡ് ടെക്നോളജി കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് തഹ്നൂൻ ബിന്‍ സായിദ് ആല് നഹ്യാനും ചടങ്ങില്‍ സംബന്ധിച്ചു. മൈക്രോഫോസ്റ്റിന്റെ ക്ലൗഡ് സാങ്കേതികവിദ്യകളും ജി42ന്റെ എ.ഐ മികവും സര്‍ക്കാരിന്റെ നയങ്ങളും സമന്വയിപ്പിച്ച് ശക്തവത്തായ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാക്കി സര്‍ക്കാര്‍ സേവനങ്ങളെ പുനര്‍നിര്‍വചിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുകയെന്ന് അല്‍ കുത്തബ് പറഞ്ഞു. ലോകത്തിലെ ആദ്യത്തെ എ.ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന സര്‍ക്കാരായി മാറാനുള്ള അബൂദബിയുടെ ലക്ഷ്യത്തിന് പിന്തുണ നല്‍കുമെന്ന് സത്യ നദെല്ല പറഞ്ഞു. അബൂദബി സര്‍ക്കാരിന്റെ താം പ്ലാറ്റ്ഫോമിനെ നവീകരിച്ച് സർക്കാർ ഓഫിസുകളിലേക്ക് ഉപഭോക്തൃസന്ദര്ശനം 90 ശതമാനം വരെ കുറയ്ക്കാനും ഇടപാടുകളുടെ 73 ശതമാനവും ഉടനടി പൂര്‍ത്തിയാക്കാനും പദ്ധതി സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.