എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്‍റെ സി.ഇ.ഒ അർജുന്‍ മോഹന്‍ രാജിവെച്ചു. ‘ബൈജൂസ് ഇന്ത്യ’യുടെ സി.ഇ.ഒ ചുമതല ഏറ്റെടുത്ത് ഏകദേശം ഏഴ് മാസത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. അർജുന്‍ മോഹന്‍ ഇനി കമ്പനിയുടെ ഉപദേശകന്റെ ചുമതലയായിരിക്കും വഹിക്കുക. 2023 സെപ്തംബറിലായിരുന്നു അദ്ദേഹം സി.ഇ.ഒ ആയി ചുമതലയേറ്റെടുത്തത്.
അതേസമയം, കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതലകൾ സ്ഥാപകൻ ബൈജു രവീന്ദ്രൻ ഏറ്റെടുക്കുകയാണെന്ന് ബൈജൂസ് കഴിഞ്ഞ തിങ്കളാഴ്ച ഒരു പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രവീന്ദ്രൻ നേതൃസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.
"ബൈജൂസ് ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെ കടന്നുപോയ സമയത്ത് അർജുന്‍ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ നേതൃത്വ മികവിനെ അഭിനന്ദിക്കുന്നു. തന്ത്രപ്രധാനമായ ഉപദേശകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം തുടർന്നും പ്രതീക്ഷിക്കുന്നു," -ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബൈജൂസ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ബൈജൂസിന്‍റെ വിവിധ ഓഫിസുകൾ കഴിഞ്ഞ ദിവസങ്ങളിൽ പൂട്ടിയിരുന്നു. ബംഗളൂരുവിലെ ആസ്ഥാനം ഒഴികെയുള്ള ഓഫിസുകളാണ് പൂട്ടിയത്. ഡൽഹി, ഗുരുഗ്രാം, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫിസുകൾ ഇത്തരത്തിൽ പൂട്ടുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.