കനത്ത നഷ്ടം നേരിട്ടതിന് പിന്നാലെ പ്രമുഖ എജുടെക് കമ്പനിയായ 'ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ്' 2500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടത് വിവാദമായി മാറിയിരുന്നു. എന്നാൽ, കേരളത്തിലെ ജീവനക്കാരെയടക്കം ബാധിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെ ബൈജൂസ് ബ്രാൻഡ് അംബാസഡറായി നിയമിച്ചതാണ് ഇപ്പോൾ വലിയ വിമർശനത്തിന് ഇടയാക്കുന്നത്.
ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട കമ്പനി മെസ്സിയെപ്പോലെ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പരസ്യതാരത്തിന് വേണ്ടി ഒരുപാട് സമയവും പണവും ചെലവഴിക്കുന്നതിനെതിരെ പലരും രംഗത്തുവരികയായിരുന്നു. എന്നാൽ, എല്ലാത്തിനും വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബൈജൂസ് സ്ഥാപകനായ ബൈജു രവീന്ദ്രൻ. അത്രയും തൊഴിലാളികളെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെ, മെസ്സിക്ക് പണം നൽകുമെന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
"മെസ്സിയുമായുള്ള കരാർ ഒരു സാധാരണ സ്പോൺസർഷിപ്പ് ഇടപാടല്ല. മറിച്ച് സമൂഹത്തിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പങ്കാളിത്തമാണ്. ആറ് മാസങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒപ്പുവെച്ചതാണിത്. അത്രയും തൊഴിലാളികളെ പിരിച്ചുവിട്ടതിന് പിന്നാലെ, ബ്രാൻഡ് അംബാസിഡറായതിന് മെസ്സിക്ക് ഞങ്ങൾ ധാരാളം പണം നൽകുമെന്ന് ആളുകൾ ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്'' - ബൈജു രവീന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം ബൈജൂസ് 70 ശതമാനം വളർച്ച നേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. "ഞങ്ങൾ ഏകദേശം 70 ശതമാനം വളർച്ച നേടി, ചില കാരണങ്ങളാൽ അത് സാമ്പത്തിക രംഗത്ത് ദൃശ്യമല്ല. വരുമാനത്തിൽ മൂന്ന് മടങ്ങ് വളർച്ചയോടെ ഏറ്റവും മികച്ച ആറ് മാസങ്ങൾ നമ്മൾ പൂർത്തിയാക്കി. -ബൈജു രവീന്ദ്രൻ അറിയിച്ചു..
"ഹ്രസ്വകാല ഒപ്റ്റിക്‌സിന് സ്കോപ്പില്ല. ഇത്രയും വേഗത്തിൽ വളർച്ച സ്വന്തമാക്കിയപ്പോൾ മറ്റേത് കമ്പനികളെയും പോലെ, ഞങ്ങളും ഒരുപാട് പിഴവുകൾ വരുത്തി, അതിൽ ഞങ്ങൾ ഖേദിക്കുന്നു. ഇത്രയും വലിയ സ്വാധീനം ചെലുത്താൻ അവസരം ലഭിച്ചിരിക്കുമ്പോൾ, അലംബാവം കാണിക്കുന്നത് കുറ്റകരമാണ്, " -അദ്ദേഹം പറഞ്ഞു.
"ഞങ്ങൾക്ക് 20 വർഷം കൂടി തരൂ, പണമടച്ചതിനേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ ഞങ്ങളിൽ നിന്ന് സൗജന്യമായി പഠിക്കും. നിങ്ങളിത് കുറിച്ചുവെച്ചോളൂ. ഞാൻ ഓഹരിയുടമ മാത്രമല്ല കമ്പനിയിലെ ഏറ്റവും വലിയ നിക്ഷേപകൻ കൂടിയാണ്," -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.