ന്യൂഡൽഹി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെയും സൈറ്റുകളിലേയും വ്യാജ റിവ്യുകൾക്കെതിരെ പരാതികൾ വർധിച്ചുവരുന്നതിനിടെ പുതിയ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗ നിർദേശങ്ങൾ ജൂലൈ31 ഓടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പക്ഷപാതപരവും വ്യാജവുമായ റിവ്യൂകൾ തടയുന്നതിലൂടെ ഇ-കൊമേഴ്‌സ് വിപണിയിൽ സുതാര്യത കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഉല്പന്നത്തെക്കുറിച്ചുള്ള ഇ -കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ റിവ്യൂകൾ ഉപഭോക്താക്കളെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ വ്യാജ റിവ്യൂകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിയമ നിർമ്മാണത്തിലേക്ക് കേന്ദ്ര സർക്കാർ നീങ്ങുന്നത്.
വ്യാജ റിവ്യൂകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്തൃകാര്യ വകുപ്പ് രൂപീകരിച്ച കമ്മറ്റി ജൂലൈ 26ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഉപഭോക്തൃ കാര്യ മന്ത്രാലയവും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയും ഇ-കൊമഴ്സ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകളെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.
ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ സർക്കാർ നേരത്തെ നടപടിയെടുത്തിരുന്നു. ഈ വർഷം മാത്രം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും നീതിയുക്തവുമല്ലാത്ത വ്യാപാരം നടത്തിയതിന് സ്ഥാപനങ്ങൾക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 119 നോട്ടീസുകളാണ് പുറപ്പെടുച്ചത്.
ഇ -കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിൽപന നടത്തുന്ന ഉല്പന്നങ്ങളെക്കുറിച്ചുള്ള എല്ലാവിവരങ്ങളും നൽകണമെന്ന് ഇ-കൊമേഴ്സ് കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.