തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട്, കരയുന്ന സെൽഫിയടക്കം സോഷ്യൽ മീഡിയയിൽ വിശദീകരണവുമായി എത്തിയ ഒരു സി.ഇ.ഒ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചാവിഷയം. ഹൈപ്പർസോഷ്യൽ എന്ന ഓൺലൈൻ അഡ്വർടൈസിങ് കമ്പനിയുടെ സി.ഇ.ഒ ആയ ബ്രൈഡൻ വാല്ലേക് ആണ് അങ്ങേയറ്റം വിചിത്രമായ പ്രവർത്തി ചെയ്തത്. പ്രമുഖ തൊഴില്‍ അധിഷ്ഠിത സോഷ്യല്‍ മീഡിയാ നെറ്റ്വര്‍ക്കായ ലിങ്ക്ഡ് ഇന്നിൽ ആയിരുന്നു അദ്ദേഹം തന്റെ ദുഃഖം പങ്കുവെച്ചത്.
പിരിച്ചുവിട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത വാല്ലേക്ക്, അത് തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും, മികച്ച സാധ്യതകൾ വന്നാൽ, പിരിച്ചുവിട്ട ജീവനക്കാരെ കമ്പനിയിലേക്ക് തിരിച്ചെടുക്കുമെന്നും വാക്ക് നൽകി.
"ഞാൻ പങ്കിടുന്ന ഏറ്റവും വിഷമകരമായ കാര്യമാണിത്. ഇത് പോസ്റ്റ് ചെയ്യണോ, വേണ്ടയോ എന്ന് ഞാൻ ഏറെ ആലോചിച്ചു. ഞങ്ങളുടെ ഏതാനും ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നു. LinkedIn-ൽ കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ ഞാൻ ധാരാളം പിരിച്ചുവിടലുകൾ കണ്ടിട്ടുണ്ട്. അവയിൽ മിക്കതും സാമ്പത്തികമോ മറ്റെന്തെങ്കിലും കാരണമോ മൂലമായിരുന്നു. എന്നാൽ, ഇവിടെ സംഭവിച്ചത്..? എന്റെ തെറ്റ്," അദ്ദേഹം കുറിച്ചു.
ഞങ്ങൾ എല്ലായ്‌പ്പോഴും ആളുകൾക്ക് ആദ്യ പരിഗണന കൊടുത്ത ബിസിനസാണ്. ഇനിയും അങ്ങനെ തന്നെ തുടരും. പണം മാത്രം ലക്ഷ്യമിടുന്ന, അതിനിടയിൽ ആരുടെയും വേദന മനസിലാക്കാത്ത ഒരു ബിസിനസ് ഉടമയായാൽ മതിയായിരുന്നു എന്ന് ഇപ്പോൾ ഞാൻ ആഗ്രഹിക്കുകയാണ്. എന്നാൽ, ഞാൻ അത്തരക്കാരനല്ല. എന്റെ ജീവനക്കാരോട് അവരെ ഞാൻ സ്നേഹിക്കുന്നു എന്ന് പറയുന്നത് പ്രൊഫഷണലിന് ചേർന്നതല്ലെന്ന് എനിക്കറിയാം. എന്നാൽ, ഞാൻ എത്രമാത്രം അവരെ സ്നേഹിക്കുന്നു എന്ന് അവർ മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. - ബ്രൈഡൻ വാല്ലേക് കൂട്ടിച്ചേർത്തു.
എന്നാൽ, സി.ഇ.ഒ സത്യസന്ധമായി പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട് നെറ്റിസൺസ് രണ്ട് ചേരിയായി തിരിച്ച് കമന്റുകൾ ഇടാൻ തുടങ്ങി. തീർത്തും ബാലിഷവും മണ്ടത്തരവുമെന്ന് ചിലർ പറഞ്ഞപ്പോൾ, ചിലർ, വാല്ലേക്കിന്റെ നല്ല മനസിനെ പുകഴ്ത്തി.
എന്നാൽ, പരുഷമായ കമന്റുകൾ താൻ അംഗീകരിക്കുന്നതായി സി.ഇ.ഒ പ്രതികരിച്ചു. എന്റെ പോസ്റ്റിനെ കുറിച്ച് നിങ്ങൾക്കുള്ള അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. കരയുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ആളുകളെ മറ്റ് സോഷ്യൽ മീഡിയകളിൽ ഞാൻ പരിഹസിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഞാനുമത് ചെയ്തു. ആ ജീവനക്കാരെ നിലനിർത്തുന്നതിനോ മികച്ച സ്ഥാനങ്ങൾ കണ്ടെത്താൻ അവരെ സഹായിക്കുന്നതിനോ ഈ പോസ്റ്റ് ഒരു ഉപയോഗപ്രദമായ ഉപകരണമാകുമെന്നതിൽ എനിക്ക് സംശയമില്ല. -വാല്ലേക്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.