മൈക്രോസോഫ്റ്റിനും ഗൂഗ്ളിനുമെതിരെ യുദ്ധം പ്രഖ്യാപിച്ച ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക് ചാറ്റ് ജി.പി.ടിക്കുമെതിരെ രംഗത്തെത്തി. ചാറ്റ് ജി.പി.ടി നിര്‍മാതാക്കളായ ഓപണ്‍ എ.ഐക്കും സി.ഇ.ഒ സാം ആള്‍ട്ട്മാനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ് ‘എക്സ്’ മുതലാളികൂടിയായ മസ്ക്. 2015ല്‍ ഓപണ്‍ എ.ഐക്ക് തുടക്കമിടുമ്പോഴുള്ള കരാര്‍ വ്യവസ്ഥകള്‍ ആള്‍ട്ട്മാനും കമ്പനിയും ലംഘിച്ചുവെന്നാണ് മസ്ക്കിന്റെ ആരോപണം. ഓപൺ എ.ഐ സ്ഥാപിക്കാൻ മസ്കും ആൾട്ട്മാനെ സഹായിച്ചിരുന്നു.
മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്ന നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ഓപണ്‍ സോഴ്സ്, നോണ്‍ പ്രോഫിറ്റ് കമ്പനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആൾട്ട്മാനും സംഘവും തന്നെ സമീപിച്ചതെങ്കിലും അവർ നയം മാറ്റിയെന്നാണ് മസ്കിന്റെ പരാതി.
ഇപ്പോൾ ഓപൺ എ.ഐ പൂർണമായും ഒരു കച്ചവട സ്ഥാപനമായി മാറിയിരിക്കുന്നുവെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നുമാണ് സാൻ ഫ്രാൻസിസ്കോ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നത്.
2015ല്‍ ഓപൺ എ.ഐ പ്രവർത്തനം ആരംഭിക്കുമ്പോൾ മസ്കും കമ്പനിയുടെ ഭാഗമായിരുന്നു. സ്ഥാപനത്തിന്റെ സി.ഇ.ഒ പദവിയിലെത്തിയ മസ്ക് 2018ൽ കമ്പനിവിട്ടു. 2022 ല്‍, ചാറ്റ് ജി.പി.ടി അവതരിപ്പിച്ചതോടെ സ്ഥാപനം കൂടുതൽ ജനകീയമായി. ഒരുവേള ഗൂഗ്ൾ, മെറ്റ തുടങ്ങിയ സ്ഥാപനങ്ങളെപ്പോലും ഓപൺ എ.ഐ തോൽപിച്ചുകളഞ്ഞു. എ.ഐ ജനറേറ്റിവ് രംഗത്ത് ചാറ്റ് ജി.പി.ടിയെ വെല്ലുന്ന ജനകീയ ചാറ്റ്ബോട്ട് വികസിപ്പിക്കാൻ ഇനിയും മറ്റുള്ളവർക്കായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.