ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഓൺലൈൻ ടാക്സി സേവനമായ ഊബറിനെ ആശ്രയിക്കുന്നവർ ഏറെയാണ്. എളുപ്പത്തിലും ഏറ്റവും കുറഞ്ഞ നിരക്കിലും ടാക്സി ലഭിക്കും എന്നതാണ് ഊബറിന്റെ പ്രത്യേകത. എന്നാൽ, ഊബർ ആപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉപയോക്താക്കൾക്ക് ‘ഷോക്ക്’ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. ഊബറിന്റെ ഓട്ടോ ആശ്രയിച്ച നോയിഡയിലെ യാത്രക്കാരന് കഴിഞ്ഞ ദിവസം ഏഴ് കോടിരൂപയുടെ ബില്ല് വന്നത് സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു.
സമാനമായ സംഭവത്തിൽ ഹൈദരാബാദ് സ്വദേശികളായ ദമ്പതികൾക്കും കിട്ടി അതുപോലൊരു പണി. വെറും 10 കിലോമീറ്റർ യാത്ര ചെയ്ത യാത്രക്കാരന് ലഭിച്ചത് 1,03,11,055 രൂപയുടെ ബില്ലാണ്. ബെംഗളൂരുവിൽ വെച്ചായിരുന്നു ഇരുവരും ഊബർ ഓട്ടോ ബുക്ക് ചെയ്തത്.
വ്ളോഗറായ ശ്രീരാജ് നിലേഷ് എന്നയാൾ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അനുഭവം പങ്കുവെച്ചത്. ബെംഗളൂരുവിൽ 10 കിലോമീറ്റർ ഓട്ടോ റൈഡിന് ഊബർ ഒരു കോടി രൂപ ഈടാക്കിയതായി അദ്ദേഹം പറയുന്നു.
കെആർ പുരത്തെ ടിൻ ഫാക്ടറിയിൽ നിന്ന് കോറമംഗലയിലേക്ക് പോകുന്നതിനായി താനും ഭാര്യ മാനസയും ആപ്പ് ഉപയോഗിച്ച് ഒരു ഓട്ടോറിക്ഷ ബുക്ക് ചെയ്തതായി ശ്രീരാജ് നിലേഷ് പറഞ്ഞു. യാത്രാനിരക്കായി നിശ്ചയിച്ചിരുന്നത് 207 രൂപയായിരുന്നു. എന്നാൽ, ലക്ഷ്യസ്ഥാനത്ത് എത്തി പണമടക്കാനായി ക്യുആർ കോഡ് സ്‌കാൻ ചെയ്തപ്പോൾ 1,03,11,055 രൂപയുടെ ബില്ലായിരുന്നു ലഭിച്ചത്. ബില്ല് കണ്ട് ഓട്ടോ ഡ്രൈവർ പോലുംഞെട്ടിപ്പോയതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഊബറിന്റെ കസ്റ്റമർ കെയർ പ്രതികരിച്ചിട്ടില്ലെന്നും അതിന് തെളിവായാണ് വീഡിയോ ചിത്രീകരിച്ചതെന്നും ശ്രീരാജ് നിലേഷ് വിഡിയോയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.