ന്യൂഡൽഹി: പൗരന്റെ സ്വകാര്യത ലംഘിക്കുന്നുവെന്ന വിമർശനം തള്ളി, ഡിജിറ്റൽ വ്യക്തിഗത ഡേറ്റ സംരക്ഷണ ബിൽ ലോക്സഭയിൽ വീണ്ടും അവതരിപ്പിച്ച് സർക്കാർ. ഒട്ടേറെ അപകടങ്ങളുള്ള ബിൽ പാർലമെന്റ് സ്ഥിരംസമിതിയുടെ പഠനത്തിന് വിടണമെന്ന ആവശ്യം സർക്കാർ തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോക്ക് നടത്തി.
സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന് പുട്ടസ്വാമി കേസിൽ സുപ്രീംകോടതി വിധിച്ചപ്പോൾ, അതിന്റെ അന്തഃസത്തക്ക് വിരുദ്ധമായ ബില്ലാണ് സർക്കാർ കൊണ്ടുവന്നത്. കഴിഞ്ഞ ആഗസ്റ്റിൽ കൊണ്ടുവന്ന ബിൽ സഭാ സമിതിയുടെ പഠനത്തിന് വിട്ടിരുന്നു. വ്യാപക എതിർപ്പുയർന്നതിനാൽ പിൻവലിക്കേണ്ടിവന്ന ബിൽ, വിവിധ നിർദേശങ്ങൾ കണക്കിലെടുക്കാതെതന്നെ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ്. ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവാണ് ബിൽ ലോക്സഭയിൽവെച്ചത്. സ്വകാര്യതക്കുള്ള അവകാശത്തിന്റെ ഭാഗമായി പൗരന്മാരുടെ ഡേറ്റ ശേഖരിച്ചു സൂക്ഷിച്ച് വിശകലനം ചെയ്യുന്ന കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കാൻ ഇന്റർനെറ്റ് കമ്പനികൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയെ ബാധ്യസ്ഥമാക്കുന്നതാണ് ഡേറ്റ സംരക്ഷണ ബില്ലെന്ന് സർക്കാർ വിശദീകരിക്കുന്നു. രാജ്യസഭകൂടി അനായാസം മറികടക്കാൻ പാകത്തിൽ പണബില്ലായാണ് നിയമനിർമാണം കൊണ്ടുവന്നതെന്ന ആക്ഷേപം സർക്കാർ നിഷേധിച്ചു.
സ്വകാര്യതക്കുള്ള പൗരന്റെ അവകാശവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുള്ളതിനാൽ തിരക്കിട്ട നിയമനിർമാണം അരുതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, എ.ഐ.എം.ഐ.എം തുടങ്ങി വിവിധ പാർട്ടികൾ ബിൽ അവതരണത്തെ എതിർത്തു. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ പേരിൽ കൊണ്ടുവന്ന ബിൽ സുപ്രീംകോടതി വിധി മറികടക്കുന്നതും വ്യക്തി സ്വകാര്യതയിൽ കടന്നുകയറുന്നതുമാണെന്ന് ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. സ്വകാര്യത അവകാശത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പാര്ലമെന്ററി സമിതിയുടെ നിർദേശങ്ങൾ അവഗണിച്ചാണ് ബിൽ തയാറാക്കിയതെന്ന് സഭാ സമിതി മുൻഅധ്യക്ഷൻ കൂടിയായ ശശി തരൂർ പറഞ്ഞു. സ്വകാര്യതയുമായി ബന്ധപ്പെട്ടുനിൽക്കുന്ന വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നത് നിരീക്ഷണ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റും. ഫെഡറൽ ഘടനക്ക് എതിരാണെന്നും വിവരാവകാശ നിയമം ദുർബലപ്പെടുത്തുമെന്നും എൻ.സി.പിയിലെ സുപ്രിയ സുലെ പറഞ്ഞു.
ദേശസുരക്ഷ, അടിയന്തര സാഹചര്യങ്ങൾ തുടങ്ങിയവ മുൻനിർത്തി സർക്കാറിന് വ്യക്തിവിവരങ്ങളിൽ കടന്നു കയറാൻ ബിൽ അധികാരം നൽകുന്നു. ഡേറ്റ ശേഖരണത്തിൽ സർക്കാറിന് നിയമപരിരക്ഷയുണ്ട്. സർക്കാറിനെതിരെ നിയമനടപടി പറ്റില്ല. ഡേറ്റ സംരക്ഷണ ബോർഡിന്റെ നടപടികളിൽ ഇടപെടാനോ വിലക്കാനോ സിവിൽ കോടതിക്ക് അധികാരമില്ല.
വ്യക്തിവിവരങ്ങൾ കമ്പനികൾ ശേഖരിച്ചു സൂക്ഷിക്കുന്നതും വിശകലനം ചെയ്യുന്നതും നിയമപരം. ഇന്ത്യക്ക് പുറത്തുള്ള സ്ഥാപനങ്ങൾക്കും ഈ പ്രവർത്തനം നടത്താം.
ഡേറ്റ സംരക്ഷണ ബോർഡിന്റെ നിർദേശപ്രകാരം കേന്ദ്ര സർക്കാറിന് ഇന്റർനെറ്റ് പ്ലാറ്റ്ഫോം ബ്ലോക്ക് ചെയ്യാൻ അവകാശമുണ്ട്. പിഴ ചുമത്തുകയുമാവാം. നിയമവ്യവസ്ഥ ലംഘിച്ചുള്ള ഡേറ്റ ചോർച്ചക്ക് പിഴ 250 കോടി രൂപയായി കുറച്ചു. സർക്കാർ നേരത്തെ കൊണ്ടുവന്ന ബില്ലിൽ നിർദേശിച്ച പിഴത്തുകയുടെ പകുതിയാണിത്.
ഡേറ്റ സംരക്ഷണ ബില്ലിലെ വ്യവസ്ഥകളെല്ലാം സന്നദ്ധ സംഘടനകൾക്ക് ബാധകം. സർക്കാർ സംവിധാനങ്ങൾ ഇതിന്റെ പരിധിയിൽ വരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.