5 ജി: ജൂഹി ചൗളക്ക്​ 20 ലക്ഷം പിഴ; ഹരജി പബ്ലിസിറ്റി സ്റ്റണ്ടെന്ന്​ കോടതി

ന്യൂഡൽഹി: ഇന്ത്യയിൽ 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെതിരെ നടി ജൂഹി ചൗള നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി. നടിയുടെയും കൂട്ടാളികളുടെയും നീക്കം പബ്ലിസിറ്റി സ്റ്റണ്ടാണെന്നാരോപിച്ച കോടതി 20 ലക്ഷം രൂപ പിഴ ചുമത്തി.

മാധ്യമങ്ങളിലൂടെ പ്രശസ്​തി ലഭിക്കാൻ ഉ​േദ്ദശിച്ചാണ്​ നടി കോടതിയെ സമീപിച്ചതെന്ന്​ ജഡ്​ജി വ്യക്തമാക്കി. വസ്തുതകളെക്കുറിച്ച് യാതൊരു അറിവുമില്ലാതെ ഹരജിയിൽ അനാവശ്യവും നിസ്സാരവുമായ കാര്യങ്ങളാണ്​ കുത്തിനിറച്ചതെന്നും വിധിപ്രസ്​താവത്തിൽ പറഞ്ഞു. കോവിഡ്​ സാഹചര്യത്തിൽ നടന്ന വെർച്വൽ വാദം കേൾക്കലിന്‍റെ ലിങ്ക്​ നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ്​ ചെയ്​തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ഈ ലിങ്കിലൂടെ പ്രവേശിച്ച അജ്​ഞാതർ, കോടതി വാദം കേൾക്കുന്നതിനിടെ സിനിമാ പാട്ടുപാടി അലോസരം സൃഷ്​ടിച്ചിരുന്നു.

ഇന്ത്യയിൽ 5ജി സേവനം തുടങ്ങുന്നത്​ ആളുകളുടെ ആരോഗ്യത്തിന്​ പ്രശ്​നം സൃഷ്​ടിക്കുമെന്നാരോപിച്ചാണ്​ ജൂഹി ചൗളയും വീരേഷ് മാലിക്, ടീന വച്ചാനി എന്നിവരും കോടതിയെ സമീപിച്ചത്​. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നടി, 5ജി നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിയിലാണ്​ ഹരജി ഫയൽ ചെയ്​തത്​. വയർലെസ്​ സാ​ങ്കേതികവിദ്യ സൃഷ്​ടിക്കുന്ന ആരോഗ്യപ്രശ്​നങ്ങളെ കുറിച്ച്​ കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും ഇത്​ ആരോഗ്യത്തിന്​ ഹാനികരമാണെന്നാണ്​​ പൊതുവിലുള്ള വിലയിരുത്തലെന്നും​ ജൂഹി ചൗള ഹരജിയിൽ പറഞ്ഞിരുന്നു. 5 ജി യാഥാർത്ഥ്യമായാൽ ഭൂമിയിൽ മനുഷ്യരും മൃഗങ്ങളും പക്ഷികളും പ്രാണികളും സസ്യങ്ങളും അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. നിലവിലുള്ളതിന്‍റെ 10 മുതൽ 100 ​​മടങ്ങ് വരെ അളവിൽ റേഡിയോ വികിരണം വർധിക്കുമെന്നും ഇവർ ഹരജിയിൽ പറഞ്ഞിരുന്നു.



വാദം കേൾക്കലിനിടെ തടസ്സമുണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കുമെന്നും കോടതി അറിയിച്ചു. ബുധനാഴ്ച​ വാദം കേൾക്കുന്നതിനിടെയാണ് ജൂഹി ചൗള അഭിനയിച്ച സിനിമകളിലെ ഗാനം ആലപിച്ചും മറ്റും ആവർത്തിച്ച് തടസ്സപ്പെടുത്തിയത്​. ​വെബ്‌എക്‌സ് പ്ലാറ്റ്‌ഫോമിൽ നടന്ന വെർച്വൽ കോർട്ട്​റൂമിൽ മൂന്ന് തവണയായി ആരോ പ്രവേശിച്ച് 'മേരി ബന്നോ കി അയേഗി ബറാത്ത്' പോലുള്ള ഗാനങ്ങൾ ആലപിക്കാൻ തുടങ്ങുകയായിരുന്നു. നടിമാരായ 'മനീഷ കൊയ്‌രാള', 'ജാൻവി' എന്നിവരുടെ പേരുകളിലാണ് സ്‌ക്രീനിൽ അജ്ഞാതർ പ്രത്യക്ഷപ്പെട്ടത്. കേസ് പരിഗണിച്ച ജെആർ മിധ തുടക്കത്തിൽ അവരെ മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീടും അൺമ്യൂട്ട് ചെയ്ത് ഇയാൾ പാട്ടുപാടി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിക്കുമ്പോൾ, വാദം കേട്ടിരുന്ന നിരവധിയാളുകൾ അദ്ദേഹത്തി​െൻറ വാദങ്ങൾക്കെതിരെ ഇമോജികൾ ഉപയോഗിച്ചും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Delhi HC calls Juhi Chawla's plea against 5G network, publicity stunt, fines 20 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.