ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെ എഡ് ടെക് കമ്പനിയായ ബൈജൂസ് ബ്രാൻഡ് അംബാസഡറായി നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മെസ്സിയെപ്പോലെ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പരസ്യതാരം ബൈജൂസിലെത്തിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ ഭാഗം വിശദീകരിച്ച് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
'എജ്യുക്കേഷൻ ഫോർ ആൾ' കാമ്പയിനുവേണ്ടിയാണ് മെസ്സി ബൈജൂസിന്റെ ഭാഗമാകുന്നത്. മെസ്സിയെ പോലുള്ള താരത്തെ അംബാസിഡറായി അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും കമ്പനി പറയുന്നു. താഴ്ന്നനിലയിൽ നിന്നും ഉയർന്നുവന്ന താരമാണ് മെസ്സി. ബൈജൂസിന്റെ എജ്യുക്കേഷൻ ഫോർ ആൾ എന്ന കാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡറാകാൻ മെസ്സിയല്ലാതെ മറ്റൊരുമില്ലെന്ന് ബൈജൂസ് സഹ സ്ഥാപക ദിവ്യ ഗോകുൽനാഥ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരിൽ ഒരാളാണ് മെസ്സി. ഈ കൂട്ടുകെട്ട് ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കും. വലിയ സ്വപ്നങ്ങൾ കാണാനും അതിനായി പഠിക്കാനും അതവർക്ക് പ്രചോദനം നൽകുമെന്നും ദിവ്യ ഗോകുൽനാഥ് പറയുന്നു.
മെസിയുമായുളള കരാർ കേവലം സ്പോൺസർഷിപ്പ് മാത്രമല്ലെന്നും മറിച്ച് സാമൂഹിക പങ്കാളിത്തം ആണെന്നും ദിവ്യ പറയുന്നു. ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികണം.'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന സംരംഭത്തിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി മെസിയെ നിയമിക്കാനുള്ള തീരുമാനം ഈ സംരംഭത്തിന് കൂടുതൽ വ്യാപ്തി നൽകുമെന്നും ദിവ്യ പറഞ്ഞു.
'നിങ്ങൾ എന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റ് കണ്ടിട്ടുണ്ടെങ്കിൽ മനസിലാകും. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തെക്കുറിച്ച് ഇന്നലെപ്പോലും ഞാൻ സംസാരിച്ചിരുന്നു. 30 ലക്ഷം വിദ്യാർഥികളെയും രണ്ടു ലക്ഷം അധ്യാപകരെയും ശാക്തീകരിച്ച ആന്ധ്രാപ്രദേശ് സർക്കാരുമായുള്ള പങ്കാളിത്ത സംരംഭത്തെക്കുറിച്ചായിരുന്നു അതിൽ പറഞ്ഞിരുന്നത്. എല്ലാവർക്കും വിദ്യാഭ്യാസം എന്ന പദ്ധതിക്കു കീഴിലുള്ള ഞങ്ങളുടെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണിത്. പക്ഷേ അതേക്കുറിച്ചൊന്നും ആരും എഴുതിന്നില്ല'-ദിവ്യ പറയുന്നു. ചിലപ്പോഴൊക്കെ ചില സംരംഭങ്ങൾ കൂടുതൽ വിജയകരമാക്കാൻ കൂടുതൽ പങ്കാളിത്തം ആവശ്യമാണെന്നും ദിവ്യ പറഞ്ഞു.
'ഞങ്ങൾ സംസാരിക്കുന്നത് വിദ്യാഭ്യാസത്തെക്കുറിച്ചാണ്. അതുകൊണ്ട് തുറന്നു പറയട്ടെ. നിങ്ങൾ ഞങ്ങളെ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ ഈ സംരംഭത്തിന് അർഹിക്കുന്ന ശ്രദ്ധ ലഭിച്ചിരുന്നില്ല. മെസിയുടെ വരവോടെ ആ ശ്രദ്ധ ഞങ്ങൾ നേടിയെടുത്തു. എല്ലാവർക്കും വിദ്യാഭ്യാസം എന്ന സംരംഭത്തിന് കഴിഞ്ഞ പതിനെട്ട് മാസത്തിനിടയിൽ ലഭിക്കാത്ത ശ്രദ്ധ ഇപ്പോൾ ലഭിച്ചു. ഇനിയും ഒരുപാടുപേർ ഈ ഉദ്യമത്തിൽ പങ്കാളികളാകുകയും സമൂഹത്തിന് സംഭാവന നൽകുകയും ചെയ്യുന്നതുവരെ ഇത്തരമൊരു സംരംഭം ഒരിക്കലും വിജയിക്കില്ല. ഈ പദ്ധതിക്ക് ഒരു വലിയ സാധ്യതയുണ്ട്'-ദിവ്യ കൂട്ടിച്ചേർത്തു.
ലയണൽ മെസിയെ ബ്രാൻഡ് അംബാസഡറാക്കാൻ ബൈജൂസ് ഒരുപാട് സമയവും പണവും ചെലവഴിച്ചെന്നറിയുമ്പോൾ പിരിച്ചുവിടപ്പെട്ട 2,500 ജീവനക്കാർക്ക് അതിൽ വേദനയുണ്ടാകില്ലേ എന്നും അവരോട് ഇത് എങ്ങനെ വിശദീകരിക്കുമെന്നും ചോദിച്ചപ്പോൾ ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കളിക്കാരനായാണ് മെസിയെ പലരും കണക്കാക്കുന്നതെന്നും എന്നാൽ അതിനുമപ്പുറമാണ് കാര്യങ്ങൾ എന്നുമായിരുന്നു ദിവ്യയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.