ഇലോൺ മസ്കിന്റെ 'ട്വിറ്റർ മോഹം'; പ്രതികരണവുമായി മുൻ സി.ഇ.ഒ ജാക്ക് ഡോഴ്സി

സമൂഹമാധ്യമ പ്ലാറ്റ്​ഫോമായ ട്വിറ്ററിന് പിറകേയാണ് ടെസ്‍ല സി.ഇ.ഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ഒമ്പതു ശതമാനത്തിനു മുകളിൽ ട്വിറ്റർ ഓഹരി കൈവശമുള്ള ഇലോൺ മസ്ക് 41 ദശലക്ഷം ഡോളറിന് (3.13 ലക്ഷം കോടി ഇന്ത്യൻ രൂപ) ട്വിറ്റർ വാങ്ങാൻ മുന്നോട്ടുവന്നത് വലിയ വാർത്തയായി മാറിയിരുന്നു. ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിൽ അംഗമാകാനില്ലെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു മസ്കിന്റെ അപ്രതീക്ഷിത നീക്കം.

എന്നാൽ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമായ ജാക്ക് ഡോഴ്സി. എഥറിയം സഹ സ്ഥാപകൻ വിറ്റാലിക് ബുട്ടെറിന്റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ''ഇലോൺ മസ്ക് ട്വിറ്റർ തലവനാകുന്നതിൽ എതിർപ്പൊന്നുമില്ല. എന്നാൽ, സമ്പന്നരായ വൃക്തികളും സ്ഥാപനങ്ങളും സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നതിൽ പൊതുവായി കാണപ്പെടുന്ന ആവേശത്തോട് പൂർണ്ണമായും വിയോജിപ്പാണ്. അത് എളുപ്പത്തിൽ വലിയ തെറ്റായി ഭവിച്ചേക്കാം''... -ഇങ്ങനെയായിരുന്നു ബുട്ടെറിൻ ട്വീറ്റ് ചെയ്തത്.

''സോഷ്യൽ മീഡിയയോ മാധ്യമ സ്ഥാപനങ്ങളോ ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനങ്ങളുടെയോ കീഴിലായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവ തുറന്നതും പരിശോധിക്കാവുന്നതുമായ ഒരു പ്രോട്ടോക്കോൾ ആയിരിക്കണം. എല്ലാം അതിലേക്കുള്ള പടിയാണ്''. - ജാക്ക് ഡോഴ്സി അതിന് മറുപടിയായി കുറിച്ചു.

അതേസമയം, ലോകമെങ്ങുമുള്ള സ്വതന്ത്ര സംവാദത്തിന് വേദിയാകുമെന്നതിനാലാണ് താൻ ട്വിറ്ററിൽ നിക്ഷേപിച്ചതെന്നും ജനാധിപത്യം സുഗമമായി പ്രവർത്തിക്കാൻ സ്വതന്ത്ര സംവാദം അനിവാര്യമാണെന്നുമാണ് വിഷയത്തിലുള്ള മസ്കിന്റെ പ്രതികരണം. എന്നാൽ, നിക്ഷേപിച്ച ശേഷം ഈ ലക്ഷ്യം നിറവേറ്റുന്നില്ലെന്നാണ് തനിക്ക് മനസ്സിലായതെന്നും ട്വിറ്റർ സ്വകാര്യ കമ്പനിയാക്കി മാറ്റണമെന്നാണ് താൻ ഉദ്ദേശിക്കുന്നതെന്നും ഇക്കഴിഞ്ഞ ജനുവരി 31 മുതൽ ദിനേന ട്വിറ്ററിന്റെ ഓഹരികൾ താൻ വാങ്ങുന്നുണ്ടെന്നും മസ്ക് പറഞ്ഞിരുന്നു. നിലവിൽ വാൻഗാർഡ് ഗ്രൂപ്പിനാണ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ളത്.

വൻതോതിൽ ഓഹരികൾ മസ്ക് വാങ്ങിക്കൂട്ടിയതോടെ 14.9 ശതമാനത്തിനു മുകളിൽ ഓഹരി സ്വന്തമാക്കരുതെന്ന കരാറിൽ മസ്കിന് ട്വിറ്റർ ഡയറക്ടർ ബോർഡിൽ ഇടംനൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, മസ്ക് ഈ കരാറിൽനിന്ന് പിൻമാറുകയും ട്വിറ്ററിന് മൊത്തമായി വില പറയുകയുമാണുണ്ടായത്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ പിന്തുടർച്ചക്കാരുള്ള വ്യക്തി കൂടിയാണ് ഇലോൺ മസ്ക്. 81 ദശലക്ഷം ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്.

Tags:    
News Summary - Don't believe any person or institution should own social media Says Jack Dorsey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.