ദുബൈ: കെട്ടിടനിർമാണ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ റോബോട്ടിക് സംവിധാനം അവതരിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ ദുബൈ സെൻട്രൽ ലബോറട്ടറിയിലാണ് നിർമിതബുദ്ധി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന റോബോട്ടുകൾ ഉപയോഗിച്ച് സിമന്റ് ഉൾപ്പെടെയുള്ള കെട്ടിടനിർമാണ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുക.
എക്സ്റേ രശ്മികളും നിർമിതബുദ്ധി സാങ്കേതികവിദ്യകളും ഉപയോഗിച്ച് നടത്തുന്ന രാസ പരിശോധനയിലൂടെയാണ് നിർമാണവസ്തുക്കളുടെ ഗുണനിലവാരം അളക്കുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് നിർമാണവസ്തുക്കളുടെ ഗുണനിലവാരം നിമിഷനേരംകൊണ്ട് അറിയാൻ സാധിക്കും. സിമന്റ് പരിശോധന സേവനങ്ങൾ മുനിസിപ്പാലിറ്റിയുടെ ലബോറട്ടറി പരിശോധനകൾക്കായുള്ള സ്മാർട്ട് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചാണ് സാധ്യമാക്കുന്നത്. ഉപഭോക്താക്കൾക്ക് സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, മൊബൈൽ ആപ്പുകൾ എന്നിവയിലൂടെ പരിശോധനഫലം നിമിഷനേരത്തിനുള്ളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി മുനിസിപ്പാലിറ്റിയുടെ നിർമാണവസ്തു പരിശോധന സേവനങ്ങളുടെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റിയുടെ ദുബൈ സെൻട്രൽ ലബോറട്ടറി ഡിപ്പാർട്മെന്റ് ആക്ടിങ് ഡയറക്ടർ ഹിന്ദ് മഹമൂദ് അഹമ്മദ് പറഞ്ഞു.
പുതിയ സാങ്കേതികവിദ്യ വരുന്നതോടെ നാലു ദിവസംകൊണ്ട് പൂർത്തീകരിച്ചിരുന്ന പരിശോധന വെറും എട്ടു മിനിറ്റായി കുറയും. മുമ്പുള്ളതിനേക്കാൾ പ്രതിദിനം സാമ്പ്ൾ പരിശോധന അനുപാതം 650 ശതമാനം ഉയർത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ നിർമാണപ്രവൃത്തി പൂർത്തീകരിക്കാൻ കരാറുകാർക്കും കൺസൽട്ടിങ് മേഖലകളിലുള്ളവർക്കും ഇതു സഹായകമാവുമെന്നും ഹിന്ദ് മഹമൂദ് അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.