ദുബൈ: നവീന സാങ്കേതികവിദ്യകളുടെ ലോകോത്തര കേന്ദ്രമാകുന്ന ദുബൈ നഗരം റോബോട്ടിക്സിലും ഓട്ടോമേഷൻ മേഖലയിലും മുന്നേറ്റത്തിന് ഒരുങ്ങുന്നു. ഈ മേഖലയിൽ ലോകത്തെ മികച്ച 10നഗരങ്ങളിൽ ഉൾപ്പെടാൻ ലക്ഷ്യംവെച്ചുള്ള പദ്ധതി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയ സാങ്കേതിക മുന്നേറ്റങ്ങൾക്ക് ഗതിവേഗം വർധിപ്പിക്കാൻ പുതിയ തീരുമാനം ഉപകാരപ്പെടും.
റോബോട്ടുകളുടെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം, ഉപയോഗം എന്നിവ ഉൾപ്പെടുന്നതാണ് റോബോട്ടിക്സ്. വിവിധ മേഖലകളിൽ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാനായി അടുത്ത 10 വർഷത്തിനുള്ളിൽ 2ലക്ഷം റോബോട്ടുകളെ ഉപയോഗപ്പെടുത്തുമെന്നും ദുബൈ ഫ്യൂചർ ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. ഗതാഗതം, ബഹിരാകാശം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് തുടങ്ങിയ മേഖലകളിലായിരിക്കും പദ്ധതി മുന്നേറ്റമുണ്ടാക്കുക.
ഭാവി സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്താനും വിദഗ്ധരെ ആകർഷിക്കാനും നിരവധി പദ്ധതികൾ ദുബൈ നടപ്പിലാക്കുന്നുണ്ട്. കമ്പ്യൂട്ടർ ഭാഷാ വിദഗ്ധരായ കോഡർമാർക്ക് ഗോൾഡൻ വിസയും മറ്റു ആനുകൂല്യങ്ങളും നേരത്തെ പ്രഖ്യാപിച്ചത് ഇതിന്‍റെ ഭാഗമായാണ്. പുതിയ പദ്ധതിയിലൂടെ ഓട്ടോമേഷൻ വ്യവസായത്തിന്‍റെ ജി.ഡി.പി(മൊത്ത ആഭ്യന്തര ഉൽപാദനം) സംഭാവന കുറഞ്ഞത് ഒമ്പത് ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രതിഭകൾക്ക് അവസരമൊരുക്കാനും ഉൽപ്പന്നങ്ങളും സേവനങ്ങളും നവീകരിക്കാനും ഇത് സഹായിക്കും. ഇതിനനുസൃതമായ നിയമനിർമ്മാണവും ഭരണ സംവിധാനവും വികസിപ്പിക്കുമെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.